ന്യൂഡല്‍ഹി• ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 16 ട്രെയിനുകള്‍ റദ്ദാക്കി. അനവധി ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. മൂടല്‍മഞ്ഞ് വിമാനങ്ങളെ ബാധിച്ചില്ല. കനത്ത മൂടല്‍മഞ്ഞ് ഇന്നും തുടരും. അടുത്ത 48 മണിക്കൂറില്‍ തണുപ്പു കൂടുമെന്നാണു റിപ്പോര്‍ട്ട്. പര്‍വത മേഖലയില്‍ മഞ്ഞു പെയ്യുന്നതിനാല്‍ താഴ്‍വാരങ്ങളില്‍ തണുപ്പു കൂടുമെന്നു കാലാവസ്ഥാ കേന്ദ്രവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയില്‍ കുറഞ്ഞ താപനില 11 ഡിഗ്രിയായിരുന്നു, കൂടിയ താപനില 27.1 ഡിഗ്രിയും. യുപിയിലെ നോയിഡ, കക്കോറി, മലിഹാബാദ് എന്നിവിടങ്ങളില്‍ എട്ടുപേരും ബിഹാറില്‍ അഞ്ചുപേരുമാണു ശൈത്യത്തില്‍ മരിച്ചത്. മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണു 13 പേരും മരിച്ചത്. ബിഹാറിലെ പട്നയില്‍ വിവാഹം കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ ഇടിക്കുകയായിരുന്നു. രണ്ടു സ്ത്രീകളടക്കം കാറിലെ അഞ്ചുപേരും മരിച്ചു. ഹരിയാനയിലെ കുരുക്ഷേത്രയില്‍ ദേശീയ പാതയിലെ അപകടത്തില്‍ 15 വാഹനങ്ങള്‍ തകര്‍ന്നു. മുന്നില്‍പോയ വാഹനം നിര്‍ത്തിയത് അറിയാതെയെത്തിയ വാഹനങ്ങളാണ് അപകടത്തിന് ഇരയായത്.