ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് യു എസ് വാശിപിടിച്ചാല്‍ ഉച്ചകോടിയുമായി സഹകരിക്കില്ലെന്ന് ഉത്തരകൊറിയ

230

പ്യോംഗ്യാംഗ് : ആണവായുധമുപേക്ഷിക്കണമെന്ന് വാശി പിടിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഉച്ചകോടി ഉപേക്ഷിക്കുമെന്ന് ഉത്തരകൊറിയ. ദുരുദ്ദേശ്യ പ്രകാരവും വീണ്ടു വിചാരമില്ലാതെയുമാണ് അമേരിക്ക പ്രസ്താവനകളിറക്കുന്നതെന്നും ഉത്തരകൊറിയന്‍ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് ഉത്തരകൊറിയ ട്രംപുമായുള്ള കൂടിക്കാഴ്ച്ചയെ കാണുന്നത്. എന്നാല്‍ കൂടിക്കാഴ്ച്ചയിലേക്ക് അടുക്കുന്തോറും വിവാദ പ്രസ്താവനകളിറക്കി അമേരിക്ക തങ്ങളെ പ്രകോപിപ്പിക്കുകയാണെന്നും മുഖത്ത് തുപ്പുകയാണെന്നും ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്‍ പറഞ്ഞു.

ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് യു എസ് ഏകപക്ഷീയമായി വാശിപിടിച്ചാല്‍ ഉച്ചകോടിയുമായി സഹകരിക്കാന്‍ താത്പര്യമില്ലെന്നും ഉന്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ലിബിയയപ്പോലെ ആണവനിരായുധീകരണം നടത്തണമെന്ന് യു എസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടന്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നുമായുള്ള ചരിത്ര കൂടിക്കാഴ്ച ജൂണ്‍ 12ന് ആണ് നിശ്ചയിച്ചിട്ടുള്ളത്. സിംഗപ്പൂരാണ് കൂടിക്കാഴ്ച്ചക്ക് വേദിയാകുന്നത്.

NO COMMENTS