സിയോൾ: വിലക്കുകൾ ലംഘിച്ച് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയാണ് ഉത്തരകൊറിയ നാല് ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി പറഞ്ഞത്. ഉത്തര കൊറിയ തൊടുത്തുവിട്ട നാലു മിസൈലുകൾ 1000 കിലോമീറ്റർ താണ്ടി ജപ്പാൻ കടലിൽ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36ന് ചൈനയുമായി അതിർത്തി പങ്കിടുന്ന തോംചാംഗ്റി മേഖലയിൽ നിന്നായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. കഴിഞ്ഞ മാസവും ഉത്തരകൊറിയ ഇത്തരത്തിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു. ഇതിനെതിരെ യു.എന്നും അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.