അർഹമായ കേന്ദ്ര ഫണ്ട് അനുവദിക്കാത്തത് രാജ്യത്തെ ഫെഡറൽ ആശയത്തിന് തന്നെ എതിര്: മന്ത്രി വീണാ ജോർജ്

18

സംസ്ഥാനത്തിന് അർഹമായ കേന്ദ്ര വിഹിതം അനുവദിക്കാത്തത് ഫെഡറൽ ആശയത്തിന് തന്നെ എതിരാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2023-24 ലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ കേന്ദ്രം പറഞ്ഞിരിക്കുന്ന ഫണ്ടുകൾ പോലും തന്നിട്ടില്ല. അതി നാൽ തന്നെ എൻഎച്ച്എം പദ്ധതികൾ നടത്തിക്കാൻ ഏറെ ബുദ്ധിമുട്ടുന്നു. എൻഎച്ച്എം പദ്ധതികൾക്കായി 60:40 അനുപാതത്തിൽ കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണ്.

സംസ്ഥാനം നൽകുന്നത് 550.68 കോടിയും. എൻഎച്ച്എം പ്രവർത്തനങ്ങൾക്ക് ക്യാഷ് ഗ്രാന്റായി അനുവദിക്കുന്ന 371.20 കോടി 4 ഗഡുക്കളായാണ് (25 ശതമാനം വീതം) അനുവദിക്കുന്നത്. ഒരു ഗഡു 92.80 കോടി രൂപയാണ്. 3 ഗഡുക്കൾ അനുവദിക്കേണ്ട സമയം ഇതിനകം കഴിഞ്ഞുവെങ്കിലും ഒരു ഗഡു പോലും അനുവദിച്ചിട്ടില്ല. അതേസമയം സംസ്ഥാന വിഹിതം ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ ഇപ്പോൾ കേരളത്തിന്റെ സംസ്ഥാന വിഹിതമുപയോഗിച്ചാണ് എൻ.എച്ച്.എം. പദ്ധതികൾ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാവർക്കർമാരുടെ ഇൻസെന്റീവ്, സൗജന്യ പരിശോധനകൾ, സൗജന്യ ചികിത്സകൾ, എൻ എച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ശമ്പളം, ബയോമെഡിക്കൽ മാനേജ്മെന്റ്, കനിവ് 108 ആംബുലൻസ് തുടങ്ങിയയെല്ലാം പ്രതിസന്ധിയിലാണ്. അതിനാൽ എത്രയും വേഗം ഫണ്ട് അനുവദിക്കേണ്ടതാണ്. കോ-ബ്രാൻഡിംഗ് നടത്തിയില്ല എന്നതാണ് ഫണ്ടനുവദിക്കുന്നതിൽ കേന്ദ്രം തടസമായി പറയുന്നതെങ്കിൽ അതും വാസ്തവവിരുദ്ധമാണ്.

കേന്ദ്ര നിർദേശ പ്രകാരം 6825 സ്ഥാപനങ്ങളിൽ 99 ശതമാനം കോ ബ്രാൻഡിംഗ് പൂർത്തിയായി കഴിഞ്ഞ ഒക്ടോബറിൽ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. കേന്ദ്രം നിർദേശിച്ചിട്ടുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ആരോഗ്യ മന്ത്രി തന്നെ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും കത്തയയ്ക്കുകയും ചെയ്തു.

പെരിട്ടോണിയൽ ഡയാലിസിസ് പദ്ധതിയ്ക്കായി കേന്ദ്രം അനുവദിക്കാനുള്ളത് 7 കോടി രൂപയാണ്. സംസ്ഥാനം ഇടപെട്ട് പെരിട്ടോണി യൽ ഡയാലിസിസിന് ആവശ്യമായ ഫ്ളൂയിഡ് വിതരണം ചെയ്തിരുന്നു. 800 ഓളം രോഗികൾക്കാണ് നിലവിൽ പെരിട്ടോണിയൽ ഡയാലിസിസ് ചെയ്യുന്നത്. എത്രയും വേഗം ആരോഗ്യ മേഖലയ്ക്കുള്ള കേന്ദ്ര വിഹിതം അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു, ആയുഷ് മിഷൻ ഡയറക്ടർ ഡോ. സജിത് ബാബു എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY