കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ലളിതകലാ വിദ്യാഭ്യാസത്തിനും അതിലൂടെ സാമൂഹികമായ ഇടപെടലുകള്‍ നടത്താനും ഒരുക്കുന്ന ‘ആര്‍ട് ബൈ ചില്‍ഡ്രന്‍’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ നടന്നു. കണ്ണമാലി പുത്തന്‍തോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചിത്രകാരനും ബാലനടനുമായ അനുജാത് സിന്ധു വിനയ്‌ലാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്രസഭയിലടക്കം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനാവുകയും കഴിഞ്ഞ ശിശുദിനത്തില്‍ രാഷ്ട്രപതിയുടെ പുരസ്‌കാരം നേടുകയും ചെയ്ത ചിത്രകാരനാണ് അനുജാത്.
എല്ലാ ജില്ലകളില്‍നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ കലാസൃഷ്ടികള്‍ ബിനാലെ മൂന്നാം ലക്കത്തില്‍ പ്രദര്‍ശിപ്പിക്കും. 5000 വിദ്യാര്‍ത്ഥികളെ ബന്ധിപ്പിച്ച് നടന്ന പദ്ധതിയുടെ ആദ്യ ഉദ്യമം മാര്‍ച്ചില്‍ പൂര്‍ത്തിയാകും.ഇക്കാലയളവിലെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടികള്‍ ബിനാലെ മൂന്നാം ലക്കത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഔഷധ നിര്‍മ്മാണ രംഗത്തെ അതികായരായ മെര്‍ക്കാണ് കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി ചേര്‍ന്ന് കുട്ടികളുടെ കലാസൃഷ്ടി സ്‌പോണ്‍സര്‍ ചെയ്യുന്നത്.
ജില്ലാ പഞ്ചായത്തംഗം അനിത ശീലന്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ബിനാലെ പ്രോഗ്രാംസ് ഡയറക്ടര്‍ റിയാസ് കോമു, മെര്‍ക്ക് സോണല്‍ സെയില്‍സ് മാനേജര്‍ ടിജി കെ. വര്‍ഗീസ് എന്നിവര്‍ പരിപാടിയല്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികളെല്ലാം മാതാപിതാക്കള്‍ക്കൊപ്പം കൂട്ടി ബിനാലെ മൂന്നാം ലക്കം കാണാനെത്തണമെന്ന് ചടങ്ങില്‍ സംസാരിച്ച ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. വെറുതെ കലാസൃഷ്ടികള്‍ കാണുക മാത്രമല്ല ചെയ്യേണ്ടത്. അവയെക്കുറിച്ച് മനസില്‍ ഉയരുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുകയും വേണം. നിര്‍ഭയമായി ചോദിക്കാന്‍ കഴിവുള്ള തലമുറയാണ് ഭാവിയില്‍ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ബിനാലെയ്‌ക്കെത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ലളിതകലയുടെ ലോകത്തേക്കുള്ള വാതായനങ്ങള്‍ തുറക്കുകയാണെന്ന് റിയാസ് കോമു പറഞ്ഞു. ലളിതകലാ രംഗത്തെ അധ്യയനം, അധ്യാപനം തുടങ്ങിയ തലങ്ങളില്‍ ഗണ്യമായ മാറ്റം കൊണ്ടുവരികയെന്നതാണ് ബിനാലെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നൂതനത്വത്തിനും പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുന്നതിനും അവശ്യം വേണ്ടതാണ് സര്‍ഗശേഷിയെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് കലയെന്ന് മെര്‍ക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ആനന്ദ് നമ്പ്യാര്‍ പറഞ്ഞു. സര്‍ഗശേഷിയുള്ളവര്‍ക്ക് പ്രശ്‌നങ്ങളെ പല തരത്തില്‍ സമീപിക്കാന്‍ കഴിയുമെന്നും ഭാവനയെയും മൗലിക ചിന്തയെയും വേണ്ട രീതിയില്‍ ഉപയോഗിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശസ്ത കവി അന്‍വര്‍ അലി ചടങ്ങില്‍ കവിത അവതരിപ്പിച്ചു. സംഗീത നാടക അക്കാദമിയുടെ 2014 ലെ കലാശ്രീ ജേതാവും നാടകപ്രവര്‍ത്തകനും, കുട്ടികളുടെ പരിപാടിയിലൂടെ ശ്രദ്ധേയനുമായ മനു ജോസിന്റെ അവതരണം കുട്ടികളെ ഏറെ ആകര്‍ഷിച്ചു. ആര്‍ട്ട് ബൈ ചില്‍ഡ്രന്റെ സംസ്ഥാനതല പരിപാടികളുടെ തലവനാണ് മനു ജോസ്. ദൃശ്യ കലാകാരന്മാര്‍, നാടക പ്രവര്‍ത്തകര്‍, കരകൗശല വിദഗ്ധര്‍ എന്നിവരടങ്ങുന്ന പതിനാറംഗ സംഘമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.നാടന്‍ പാട്ടുകളും പടം വരയുമായാണ് ഉദ്ഘാടന സമ്മേളനം പുരോഗമിച്ചത്. കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ കൊണ്ട് ചിത്രകാരന്മാര്‍ ഹാളിനു പുറത്ത് തയാറാക്കിയ കൊളാഷില്‍ ഒപ്പിട്ടുകൊണ്ടാണ് അനുജാത് സിന്ധു വിനയലാല്‍ പരിപാടി ഉദ്ഘാടനം ചെയ്തത്.
വിവിധ സ്‌കൂളുകള്‍ സന്ദര്‍ശിക്കുന്ന സംഘം കുട്ടികളുമായി സംവദിച്ച് അവരവരുടെ പ്രായത്തിനനുസരിച്ച് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നു. ചിത്ര-ശില്പ കലകളുടെ അടിസ്ഥാന പ്രമാണങ്ങളെ നാടക സങ്കേതത്തിലെ വിനോദ സമ്പ്രദായങ്ങളുമായി സംയോജിപ്പിക്കുകയാണ് ഈ പരിപാടിയില്‍ ചെയ്യുന്നത്. വിമര്‍ശനാത്മകമായ വീക്ഷണത്തോടെ കലയെ സമീപിക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനുവേണ്ടി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും അധ്യാപകര്‍ക്ക് പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. അധ്യാപനം രസകരമാക്കുന്നതിന് ഈ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുകയും വിദ്യാര്‍ത്ഥികള്‍, ആര്‍ട്ടിസ്റ്റുകള്‍, കലാധ്യാപകര്‍, വിദ്യാലയങ്ങള്‍ എന്നിവയുമായി സുസ്ഥിരവും ദീര്‍ഘവുമായ ബന്ധം പുലര്‍ത്തുകയുമാണ് ഇതിന്റെ ലക്ഷ്യം.
ചലച്ചിത്ര പ്രദര്‍ശനം, പാവക്കൂത്ത്, കഥപറച്ചില്‍, കലാ ക്യാമ്പുകള്‍, കളിമണ്‍ കലാപരിശീലനം, സംഭാഷണങ്ങള്‍ എന്നിവയടങ്ങുന്നതാകും കെബ്രാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനം.ലളിതകലയെക്കുറിച്ച് വിനോദത്തിലൂടെ വിജ്ഞാനം പകര്‍ന്നു നല്‍കുന്ന കുട്ടികള്‍ക്കുള്ള കൈപ്പുസ്തകവും തയ്യാറാക്കുന്നുണ്ട്.
ആര്‍ട്ട് ബൈ ചില്‍ഡ്രനെപ്പറ്റി:
വിമര്‍ശനാത്മകമായ വീക്ഷണത്തോടെ കലയെ സമീപിക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനു വേണ്ടിയാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന് രൂപം നല്‍കിയിട്ടുള്ളത്. സര്‍ഗശേഷിയെ ചെറുപ്രായത്തില്‍ തന്നെ ഉദ്ദീപിപ്പിക്കാനും അതുവഴി രാജ്യത്തെ ലളിതകലാ മേഖലയില്‍ ദീര്‍ഘകലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം നടത്താനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ ലളിതകലയിലുള്ള അവബോധം ഇതിലൂടെ വളര്‍ത്താന്‍ സാധിക്കും.
ഗവേഷണത്തിലൂടെയും മികച്ച അവസരത്തിലൂടെയും കലാധ്യായനവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളെയും ബന്ധിപ്പിച്ച് മികച്ച അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കും. പ്രാദേശിക കലാകാരന്മാരുടെ മികച്ച ശീലങ്ങള്‍ കുട്ടികളിലേക്ക് പകര്‍ത്താനും ഇതുവഴി സാധിക്കും. കുട്ടികളുടെ രീതിയ്ക്കിണങ്ങുന്ന പാഠ്യപദ്ധതി ഈ പരിപാടിയ്ക്കുവേണ്ടി പ്രത്യേകം രൂപപ്പെടുത്തിയെടുത്തതാണ്. ഇത് പരിചയപ്പെടുത്താനായി പ്രത്യേകം ക്ലാസുകള്‍ സംഘടിപ്പിച്ചു. രണ്ട് ഘട്ടങ്ങളിലായായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മനു ജോസിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ പെപ്പര്‍ ഹൗസിലാണ് ഒക്‌ടോബര്‍ 10 മുതല്‍ 21 വരെ ആദ്യഘട്ടം സംഘടിപ്പിച്ചത്. കടുങ്ങല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്‌ടോബര്‍ 20 മുതല്‍ 22 വരെയായിരുന്നു രണ്ടാം ഘട്ടം നടന്നത്. കുട്ടികളുമായുള്ള ആശയവിനിമയമായിരുന്നു രണ്ടാം ഘട്ടത്തിലെ പ്രധാന പരിപാടി. ഇതിനു പുറമെ, വ്യത്യസ്തമേഖലകളിലെ പ്രഗത്ഭരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വര്‍ക്ക്‌ഷോപ്പുകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചു. ദീര്‍ഘകാലടിസ്ഥാനത്തിലേക്കുള്ള ബൃഹത്തായ പരിപാടിയാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍. കേരളം മുന്നോട്ടുവച്ച ഈ മാതൃക ഭാവിയില്‍ ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.