ചങ്ങനാശ്ശേരി: സംസ്ഥാനത്ത് നടന്ന കലാപത്തിന്റെയും അക്രമങ്ങളുടേയും ഉത്തരവാദി സര്‍ക്കാര്‍ ആണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആരോപിച്ചു. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് യുവതീ പ്രവശനത്തിലൂടെ ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലതാക്കി സര്‍ക്കാര്‍ നിരീശ്വരവാദം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് എന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.സമാധാനപരമായി പരിഹരിക്കാന്‍ സാധിക്കുമായിരുന്ന ശബരിമല വിഷയം സര്‍ക്കാര്‍ സങ്കീര്‍ണമാക്കിയെന്നും ജനങ്ങള്‍ നല്കിയ അധികാരം ഉപയോഗപ്പെടുത്തി പാര്‍ട്ടി നയം ഏത് ഹീനമാര്‍ഗത്തിലൂടെയും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നുവെന്നും എന്‍എസ്എസ് കുറ്റപ്പെടുത്തി.
അനാവശ്യമായി നിരോധനാജ്ഞ നടപ്പിലാക്കുക, നിരപരാധികളായ ഭക്തരെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുക, നാട്ടില്‍ മുഴുവന്‍ അരാജകത്വം സൃഷ്ടിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക, ഹൈന്ദവ ആചാര്യന്മാരെ നികൃഷ്ടമായി അധിക്ഷേപിക്കുകയൊക്കെയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നും ജി സുകുമാരന്‍ നായര്‍ ആരോപിച്ചു.ആചാരങ്ങള്‍ സംരക്ഷിക്കുക എന്നത് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആവശ്യമാണ്. അത് സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ആ ബാധ്യത സര്‍ക്കാര്‍ നിറവേറ്റിയില്ല എങ്കില്‍ വിശ്വാസികള്‍ അതിന് വേണ്ടി രംഗത്ത ഇറങ്ങുന്നത് തെറ്റാണെന്ന് പറയാന്‍ സാധിക്കുമോ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതിന് രാഷ്ട്രീയ നിറം നല്കി പ്രതിരോധിക്കുന്നത് ശരിയല്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.