ഇസ്ലാമാബാദ്: ഇന്ത്യക്ക് വന്‍തോതില്‍ ആണവായുധം നിര്‍മിക്കാനുള്ള ശേഷിയുണ്ടെന്ന് പാകിസ്താന്‍. 356 മുതല്‍ 492 ആണവ ബോംബുകള്‍ നിര്‍മിക്കാനുള്ള ശേഷി ഇന്ത്യ സാങ്കേതികപരമായും ഭൗതികപരമായും ആര്‍ജിച്ചിട്ടുണ്ടെന്നാണ് പാകിസ്താന്‍ പറയുന്നത്. ‘ഇന്ത്യയുടെ സുരക്ഷിതമല്ലാത്ത ആണവ പദ്ധതികള്‍’ എന്ന പേരില്‍ ഇസ്ലാമാബാദിലെ സ്ട്രാറ്റജിക് സ്റ്റഡി ഇന്‍സ്റ്റിറ്റ്യൂട്ടാണ് (ഐ.എസ്.എസ്.ഐ) വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. പാകിസ്താനിലെ ആണവ ഗവേഷകരായ അദീല അസം, അഹമ്മദ് ഖാന്‍, മൊഹമ്മദ് അലി, സമീര്‍ ഖാന്‍ എന്നിവരാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ ആണവശേഷിയെ കുറിച്ച് നിലവിലുള്ള റിപ്പോര്‍ട്ടുകളേക്കാള്‍ കൂടുതലാണ് ഐ.എസ്.എസ്.ഐയുടെ റിപ്പോര്‍ട്ടിലുള്ളത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്ക് വലിയൊരു ആണവ പദ്ധതിയാണുള്ളത്. ഇന്ത്യയുടെ ആണവായുധ നിര്‍മാണശേഷിയെ കുറിച്ചുള്ള ഏറ്റവും ആധികാരികമായ റിപ്പോര്‍ട്ടാണ് ഇതെന്നാണ് പാക് ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍സാര്‍ പര്‍വേസ് പറയുന്നത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ ആണവ പദ്ധതികളുടെ ആഴവും ശേഷിയും മനസിലാക്കാന്‍ പുതിയ പഠനം തങ്ങളെ സഹായിക്കുമെന്നാണ് പാകിസ്താന്‍ കരുതുന്നത്. ഇന്ത്യയുടെ ശേഷിയെ പറ്റി തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നാണ് പഠനം നടത്തിയവര്‍ അവകാശപ്പെടുന്നത്.