തിരുവനന്തപുരം : വേതന വര്‍ധന ആവശ്യപ്പെട്ട് സമരരംഗത്തുള്ള നഴ്സുമാരുടെ സംഘടനകളുമായി തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന് ചൊവ്വാഴ്ച ചര്‍ച്ച നടത്തും. ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് (ഐഎന്‍എ), യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) എന്നീ സംഘടനകളുമായിട്ടാണ് ചര്‍ച്ച. രാവിലെ 11 ന് ഐഎന്‍എയുമായും വൈകിട്ട് നാലിന് യുഎന്‍എയുമായും ചര്‍ച്ച നടത്തും.
നഴ്സുമാര്‍ നടത്തുന്ന സമരം നിര്‍ത്തിവയ്ക്കണമെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ആവശ്യപ്പെട്ടിരുന്നു. സമരവുമായി ബന്ധപ്പെട്ടു ജൂലൈ പത്തിനു ചര്‍ച്ച തീരുമാനിച്ചിട്ടുണ്ടെന്നും സമരം നിര്‍ത്തിവച്ച് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നഴ്സുമാരുടെ എല്ലാ ആവശ്യങ്ങളോടും മാനേജ്മെന്റുകള്‍ പെട്ടെന്നു വഴങ്ങുമെന്ന് ഉറപ്പൊന്നും ഇല്ല. ഇതിനായി തൊഴില്‍ വകുപ്പിനെ ഉപയോഗിച്ച് നിയമ നിര്‍മാണം വരെ നടത്തിയും നടപടികളെടുക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.