ഒ.എന്‍.വിയുടെ ഓര്‍മ്മകൾക്ക് ഇന്ന് രണ്ട്‌ വയസ്

226

തിരുവനന്തപുരം : മലയാളികളുടെ പ്രിയപ്പെട്ട കവി ഒ.എന്‍.വിയുടെ ഓര്‍മ്മകൾക്ക് ഇന്ന് രണ്ട്‌ വയസ്. പക്ഷെ രണ്ട്‌ വര്‍ഷമല്ല, നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും സൗരഭം മാറാത്ത കാവ്യപുഷ്പങ്ങളെ നമുക്കേകിയാണ് അദ്ദേഹം വിടവാങ്ങിയത്. 1937 മെയ് 27ന് കൊല്ലം ചവറയില്‍ ജനിച്ച ഒഎന്‍വി 1950 കള്‍ മുതല്‍ മരണം വരെയും കാവ്യരംഗത്ത് നിറഞ്ഞ സൗരഭം തന്നെയായിരുന്നു. ആ കാവ്യസൗരഭത്തിന്റെ നഷ്ടവര്‍ഷമാണ് 2016 ഫെബ്രുവരി 13 മുതല്‍ ഇന്ന് വരേയ്ക്കുമുള്ള ദിനങ്ങള്‍. ചങ്ങമ്പുഴയുടെ സംഗീതരുചിരമായ നാദവും , സാമൂഹിക നീതിക്ക് വേണ്ടി തിളച്ചുയരുന്ന മനുഷ്യരുടെ ശബ്ദത്തിന്റെ പെരുമ്പറയുമെന്ന് ഒ.എന്‍.വി കവിതകളെ വിശേഷിപ്പിച്ചത് ഉറൂബാണ്. കാല്‍പ്പനികമായ കാവ്യസൗഭഗമുള്‍ക്കൊള്ളുന്നൊരു റിയലിസ്റ്റ് കവി. കാല്‍പ്പനികതയുടെ വൈയക്തികത എന്ന തടവറയില്‍ വീണുപോകാതെ സമൂഹത്തിന്റെ ദുഃഖങ്ങളെ സ്വന്തം വ്യഥയായിള്‍ക്കൊള്ളുന്ന കവിയെ മയില്‍പ്പീലി, ഒരു തുള്ളി വെളിച്ചം, അഗ്‌നിശലഭങ്ങള്‍ തുടങ്ങിയ ആദ്യകാല സമാഹാരങ്ങളില്‍ കാണാം. ആ കവിയെ കണ്ടിട്ടാണ് സാമൂഹ്യ വിപ്ലവത്തിന്റെ സംഗീതമെന്ന് ഒഎന്‍വി കവിതകളെ എന്‍വി കൃഷ്ണവാരിയര്‍ വിശേഷിപ്പിച്ചത്. വിപ്ലവത്തിന്റെ ചൂടിനുമപ്പുറം വിശ്വമാനവികതയുടെ ഗീതങ്ങളായി ഒ.എന്‍.വി കവിതകള്‍ പിന്നെ മാറുന്നുണ്ട്. സൂര്യഗീതം, ശാര്‍ങ്ക പക്ഷികള്‍, ഭൂമിക്കൊരു ചരമഗീതം എന്നീ സമാഹാരങ്ങള്‍ രചിച്ച ഒഎന്‍വി കവി കര്‍മ്മത്തിന്റെ ഉച്ചസ്ഥായില്‍ എത്തിച്ചേര്‍ന്നവനാണ്. ആ ഔന്നിത്യമാണ് ജ്ഞാനപീഠം വരെയുള്ള പുരസ്‌കാരങ്ങളാല്‍ അദ്ദേഹം ആദരിക്കപ്പെട്ടത്.

NO COMMENTS