ഒളിംപിക്സ് മാരത്തണ്‍ മത്സരത്തിനിടെ വെള്ളം നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്ന ഒ.പി.ജയ്ഷയുടെ ആരോപണം അടിസ്ഥാനരഹിതം : കായിക മന്ത്രാലയ സമിതി

196

ന്യൂഡല്‍ഹി• റിയോ ഒളിംപിക്സ് മാരത്തണ്‍ മത്സരത്തിനിടെ തനിക്കു വെള്ളം നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്ന ഒ.പി.ജയ്ഷയുടെ ആരോപണം അടിസ്ഥാനരഹിതമെന്നു കായിക മന്ത്രാലയ സമിതി. വിവാദത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ മന്ത്രാലയം നിയമിച്ച രണ്ടംഗ സമിതി കായിക മന്ത്രി വിജയ് ഗോയലിനു റിപ്പോര്‍ട്ട് നല്‍കി.കായിക മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഓംകാര്‍ കേദിയ, ഡയറക്ടര്‍ വിവേക് നാരായണ്‍ എന്നിവരാണു സമിതി അംഗങ്ങള്‍. മാരത്തണിനിടെ തനിക്കു വെള്ളം നല്‍കാന്‍പോലും ഇന്ത്യന്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നായിരുന്നു ജയ്ഷയുടെ ആരോപണം. മാരത്തണ്‍ ട്രാക്കിലെ എല്ലാ അഞ്ചു കിലോമീറ്ററിലും വെള്ളം ലഭ്യമായിരുന്നുവെന്നു സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മത്സരം നടക്കുന്നതിനു തലേദിവസം ടീം മാനേജര്‍ സി.കെ.വല്‍സന്‍ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു. വഴിയിലുടനീളം പ്രത്യേക ഊര്‍ജപാനീയം സ്ഥാപിക്കുന്നതിന് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ തയാറായിരുന്നെങ്കിലും ജയ്ഷ ഇതു നിരസിക്കുകയായിരുന്നു.
പരിശീലകന്‍ നിക്കോളായ് സ്നെസരേവിനായിരുന്നു ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതല. എന്നാല്‍, ജയ്ഷ ആവശ്യപ്പെടാത്തതിനാല്‍ പരിശീലകന്‍ ഇതിനു തയാറായില്ല. സംഘാടകര്‍ ഒരുക്കിയ സ്റ്റേഷനുകളില്‍ നിന്നു വെള്ളം കുടിക്കാനാണു ജയ്ഷ താല്‍പര്യപ്പെട്ടതെന്നു റിപ്പോര്‍ട്ട് പറയുന്നു.

NO COMMENTS

LEAVE A REPLY