വാഷിങ്ടൺ ∙ മുസ്‍ലിംകൾക്കെതിരെ അമേരിക്കയെ തിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് പ്രസിഡന്റ് ബറാക് ഒബാമ. അൽ ഖായിദ, ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) തുടങ്ങിയ സംഘടനകളുടെ ശ്രമങ്ങൾ ഇതിനായുള്ളതാണ്. മുസ്‍ലിംകളുടെ യഥാർഥ നേതൃത്വം ഇത്തരം സംഘടനകളാണെന്ന് വരുത്താൻ ശ്രമംനടത്തുന്നു. എന്നാൽ, ലോകജനത ഇവരുടെ വാദങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്. ഐഎസിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും ഒബാമ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബിൽ അതിക്രമിച്ചു കടന്ന യുവാവ് നടത്തിയ വെടിവയ്പിൽ 49 പേർ കൊല്ലപ്പെടുകയും 53 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഐഎസ് ആണ് അക്രമത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ട്. ഈ പശ്ചാത്തലത്തിലാണ് ഒബാമയുടെ പ്രതികരണം. സ്വവർഗാനുരാഗികൾക്കും രാജ്യത്തിന്റെ പിന്തുണ ഒബാമ അറിയിച്ചു. തനിച്ചല്ലെന്നും അമേരിക്കൻ ജനതയും ലോകമെമ്പാടുമുള്ള അമേരിക്കയുടെ സുഹൃത്തുക്കളും നിങ്ങൾക്കൊപ്പമുണ്ടെന്നും ഒബാമ പറഞ്ഞു.