ലോക പൊലീസുകാരാണ് അമേരിക്കയും റഷ്യയും. സോവിയറ്റ് യൂണിയന്റെ കാലത്തെയത്ര ശക്തിയില്ലെങ്കിലും റഷ്യ ഇപ്പോഴും കേമന്മാര്‍ തന്നെ. ജി 20 ഉച്ചകോടിക്കിടെ അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിനും കണ്ടുമുട്ടിയപ്പോള്‍ ലോകം ഏറെ കൗതുകത്തോടെയാണ് ആ ചര്‍ച്ചയിലേക്ക് ഉറ്റുനോക്കിയത്.സിറിയന്‍ ആഭ്യന്തര കലാപത്തില്‍ രണ്ടുതരത്തില്‍ ഇടപെടുന്ന അമേരിക്കയും റഷ്യയും അക്കാര്യത്തിലൊരു ധാരണയിലെത്തുമെന്നായിരുന്നു ഹ്വാങ്ഷു ചര്‍ച്ചയില്‍നിന്ന് ലോകം പ്രതീക്ഷിച്ചത്.എന്നാല്‍ ആ ചര്‍ച്ച പരാജയമായി. പരസ്പരം നോക്കി ഒന്നു ചിരിക്കാന്‍ പോലും തയ്യാറാകാതെ ഒബാമയും പുട്ടിനും അവരുടെ അകല്‍ച്ച പ്രകടമാക്കുകയും ചെയ്തു.സിറിയയിലെ യുദ്ധത്തെ രണ്ടുതരത്തിലാണ് ഇരുരാജ്യങ്ങളും കാണുന്നത്. അമേരിക്ക ഐസിസ് ഭീകരരെയും പ്രസിഡന്റ് ആസാദിനെയും എതിര്‍ക്കുമ്ബോള്‍, റഷ്യ ആസാദിന് അനുകൂലമായാണ് നിലപാട് എടുത്തിട്ടുള്ളത്. പ്രസിഡന്റിനെ പുറത്താക്കാന്‍ ശ്രമിക്കുന്ന വിമതര്‍ക്കെതിരെയാണ് റഷ്യയുടെ പ്രധാന പോരാട്ടം.ജനുവരിയില്‍ സ്ഥാനമൊഴിയുന്ന ഒബാമ റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ അവസാന ഔദ്യോഗിക ചര്‍ച്ചയെന്ന തരത്തില്‍ ഹ്വാങ്ഷുവിലെ ചര്‍ച്ച ഏറെ പ്രസക്തമായിരുന്നു. എന്നാല്‍ കൂടിക്കാഴ്ച ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നുമാത്രം. മുഖത്തെ ഗൗരവം അല്‍പം പോലും മയപ്പെടുത്താതെ ശത്രുതമുഴുവന്‍ പ്രകടമാക്കുന്ന തരത്തിലായിരുന്നു ഇരുവരുടെയും നില്‍പ്.അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യയുടെ വിദേശ കാര്യമന്ത്രി സെര്‍ജി ലാവ്റോവും സിറിയന്‍ പ്രശ്നത്തില്‍ ഒരു ധാരണ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. സിറിയയിലെ ഐസിസ് ഭീകരര്‍ക്കെതിരെ ആസാദ് ഭരണകൂടവും വിമതരും യോജിച്ചുനില്‍ക്കുന്ന തരത്തിലുള്ള ധാരണയ്ക്കുവേണ്ടിയായിരുന്നു ശ്രമം. എന്നാല്‍ ഒബാമയുടെയും പുട്ടിന്റെയും കടുത്ത നിലപാടുകള്‍ ചര്‍ച്ചയെ എവിടെയുമെത്തിച്ചില്ല.