വിയന്തിയന്‍ (ലാവോസ്)• തന്നെ അസഭ്യം പറഞ്ഞ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ടുമായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ സംസാരിച്ചു. ആസിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രനേതാക്കള്‍ക്കായി ഒരുക്കിയ അത്താഴവിരുന്നിനു തൊട്ടുമുന്‍പായാണ് ഇരുവരും തമ്മില്‍ സംസാരിച്ചതെന്നു ഫിലിപ്പീന്‍സ് അധികൃതര്‍ അറിയിച്ചു. എത്രസമയം സംസാരിച്ചുവെന്നോ എന്താണു സംസാരിച്ചതെന്നോ അധികൃതര്‍ വ്യക്തമാക്കിയില്ല.
അത്താഴ വിരുന്നിനായി മറ്റു നേതാക്കളെ കാത്തിരിക്കുമ്ബോഴാണ് ഒബാമ ഡ്യൂടേര്‍ടുമായി അനൗപചാരികമായി സംസാരിച്ചത്. എന്നാല്‍ ഇരുവരും തമ്മില്‍ പരസ്യമായ സൗഹാര്‍ദപ്രകടനം ഉണ്ടായില്ല. മാത്രമല്ല, ഫോട്ടോ സെഷനിലും വിരുന്നിലും ഇരുനേതാക്കളും രണ്ടിടത്തായാണു നിലയുറപ്പിച്ചത്.അസഭ്യം പറഞ്ഞതിനെത്തുടര്‍ന്നു ഡ്യൂടേര്‍ടുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഒബാമ റദ്ദാക്കിയിരുന്നു. ഫിലിപ്പിന്‍സിലെ മനുഷ്യാവകാശലംഘനത്തെപ്പറ്റി ഒബാമ പ്രഭാഷണം നടത്തിയാല്‍ കേള്‍ക്കാന്‍ തന്നെക്കിട്ടില്ല എന്നായിരുന്നു ഡ്യൂടേര്‍ടിന്റെ വിവാദ പ്രസ്താവന. ഡ്യൂടേര്‍ട് മേയില്‍ അധികാരത്തിലേറിയ ശേഷം ലഹരിമരുന്നു മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി രണ്ടായിരത്തിനാനൂറോളം പേരെ വധിച്ചിരുന്നു. ഇക്കാര്യത്തെപ്പറ്റി ചോദ്യമുയരാന്‍ സാധ്യതയുണ്ടെന്ന സൂചനയാണു ഡ്യൂടേര്‍ടിനെ പ്രകോപിതനാക്കിയത്.