തിരുവനന്തപുരം : പരമ്പരാഗത തീരസംരക്ഷണ മാർഗ്ഗങ്ങളിൽ നിന്ന് വേറിട്ട് ഓഫ് ഷോർ ബ്രേക്ക് വാട്ടർ തീരസംരക്ഷണ പദ്ധതിയുടെ പ്രാരംഭ ഘട്ടമായി 17.80 കോടി രൂപാ ചെലവിൽ 700 മീറ്റർ നീളത്തിൽ പൂന്തുറയിൽ പദ്ധതിയ്ക്ക് തുടക്കമിടുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
പദ്ധതിയുടെ പ്രാധാന്യവും ആവശ്യകതയും കണക്കിലെടുത്ത് കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. പൂന്തുറ മുതൽ ശംഖുമുഖം വരെയുള്ള പ്രദേശങ്ങളിലെ തീരദേശ സംരക്ഷണത്തിനാണ് പദ്ധതി.
പൂന്തറ മേഖലയിൽ തീരസംരക്ഷണത്തിന് നിർമ്മിച്ച കടൽമുട്ടും സംരക്ഷണഭിത്തിയും വേണ്ടത്ര ഫലപ്രദമല്ല എന്ന് കണ്ടെത്തിയിരുന്നു. മണൽ നിറഞ്ഞ ബീച്ചിന്റെ അഭാവം മൂലം വള്ളങ്ങൾക്ക് കരയ്ക്ക് അടുക്കാൻ പ്രയാസം നേരിട്ടിരുന്നു. കടൽ ക്ഷോഭിക്കുമ്പോൾ മത്സ്യതൊഴിലാളികൾക്ക് വിഴിഞ്ഞം തുറമുഖത്തിനെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്.
ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി നടപ്പാക്കുന്നതോടുകൂടി കടൽതീരത്ത് നിന്ന് 120 മീറ്റർ അകലത്തിൽ തന്നെ തിരമാലകൾ ബ്രേക്ക് വാട്ടറിൽ തട്ടി ശക്തി കുറയുന്നതിനാൽ കടലാക്രമണം ഉണ്ടാകുകയില്ല. കൂടാതെ തീരത്തിനും ബ്രേക്ക് വാട്ടറിനുമിടയിൽ തിരമാലകൾക്ക് ശക്തി കുറയുന്നതിനാൽ ബീച്ച് രൂപപ്പെടുകയും ചെയ്യും. ഇവിടെ അനായാസം വള്ളങ്ങൾക്ക് കരയ്ക്കടുക്കാം.
കരയിൽ നിന്ന് 120 മീറ്റർ അകലത്തിൽ തീരത്തിന് സമാന്തരമായാണ് ഓഫ് ഷോർ ബ്രേക്ക് വാട്ടർ സ്ഥാപിക്കുന്നത്. 100 മീറ്റർ വീതം നീളമുള്ള അഞ്ച് ബ്രേക്ക് വാട്ടറുകളാണ് ആദ്യം സ്ഥാപിക്കുന്നത്. ബ്രേക്ക് വാട്ടറുകൾക്കിടയിൽ 50 മീറ്റർ അകലം ഉണ്ടായിരിക്കും. വള്ളങ്ങൾക്ക് ഇതിലൂടെ പ്രവേശിക്കാൻ കഴിയും.
തീരദേശ സംരക്ഷണത്തിനുള്ള കല്ലിന്റെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ജിയോ ട്യൂബ് ഉപയോഗിച്ച് ബ്രേക്ക് വാട്ടർ എന്ന ആശയം സർക്കാർ പരീക്ഷിക്കുവാൻ തീരുമാനിച്ചത്.
അഞ്ച് മീറ്റർ വ്യാസവും 20 മീറ്റർ നീളവുമുള്ള പോളി പ്രൊപ്പലിൻ ട്യൂബുകളിലാണ് മണൽ നിറച്ച് ബ്രേക്ക് വാട്ടർ സ്ഥാപിക്കുന്നത്. ഇത്തരം ട്യൂബുകളുടെ മൂന്ന് അടുക്കുകൾ ഒരു ബ്രേക്ക് വാട്ടറിൽ കാണാം.
തമിഴ്‌നാട്ടിലെ കടലൂർ പേരിയകുളത്ത് ജിയോ ട്യൂബ് ഉപയോഗിച്ച് ബ്രേക്ക് വാട്ടർ നിർമ്മിച്ച് മുൻപരിചയമുള്ള നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയാണ് തീരദേശ വികസന കോർപ്പറേഷന് സാങ്കേതിക സഹായം നൽകുന്നത്. ഇതുസംബന്ധിച്ചുള്ള കരാർ എൻ.ഐ.ഒ.റ്റിയും തീരദേശ കോർപ്പറേഷനും ഒപ്പ് വച്ചിട്ടുണ്ട്. പദ്ധതിയ്ക്കു വേണ്ടിയുള്ള മാതൃകാ പഠനവും എൻ.ഐ.ഒ.റ്റി യാണ് നിർവഹിച്ചിട്ടുള്ളത്.
പൂന്തുറയിൽ ആരംഭിച്ച് വലിയതുറ, ബീമാപള്ളി, ശംഖുമുഖം മേഖലകളിലെ തീരസംരക്ഷണത്തിന് ഉതകുന്ന രീതിയിലാണ് പദ്ധതിയ്ക്ക് രൂപം നൽകിയിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.