ജനക്ഷേമകരമായ പ്രവർത്തനങ്ങളിലൂടെ സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണം ; മുഖ്യമന്ത്രി

4

ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കേണ്ടതുണ്ടെന്നും അതിന് എല്ലാ ഉദ്യോഗസ്ഥരും മാതൃകാപരമായ നിലപാടുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. റവന്യു ദിനാചരണത്തിന്റേയും റവന്യു അവാർഡ് വിതരണത്തിന്റേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാര്യക്ഷമവും ജനോപകാരപ്രദവുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും ഇവിടെ നൽകുന്ന റവന്യു അവാർഡുകൾ എല്ലാവർക്കും പ്രചോദനമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കേരളം മാറുന്നു, വലിയ തോതിൽ വളരാനുള്ള ഒരു തയ്യാറെടുപ്പിലാണ് നാട്. അതിന് ഏറ്റവും നല്ല രീതിയിൽ പങ്ക് വഹിക്കുന്ന വകുപ്പാണ് റവന്യു വകുപ്പ്. നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവായ കാര്യങ്ങളിൽ ആരോഗ്യകരമായ ഇടപെടലുകൾ റവന്യു വകുപ്പിന്റെ ഭാഗത്ത്നിന്ന് ഉണ്ടാകുന്നുണ്ട്. അതുപോലെ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുവേ നല്ല രീതിയിലാണ് ഇത്തരം കാര്യങ്ങളിൽ ഇടപെട്ടുപോരുന്നത്. നാടിന്റെ പൊതുസാഹചര്യം മാറ്റുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നല്ല രീതിയിലുള്ള ഇടപെടലുകൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. അതിൽ പ്രത്യേക ശ്രദ്ധയോടെ ഇടപെടേണ്ട ഒരു വകുപ്പാണ് റവന്യു വകുപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർവീസിലുള്ള മഹാഭൂരിപക്ഷവും സത്യസന്ധമായി, കളങ്കരഹിതമായി തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നവരാണ്. സ്തുത്യർഹമായ അവരുടെ ഇടപെടലുകളാണ് നമ്മുടെ നാടിന്റെ വലിയ മാറ്റത്തിന് ഇടയാക്കിയിട്ടുള്ളത്. നയപരമായ തീരുമാനങ്ങൾ മന്ത്രിസഭ എടുക്കുമെങ്കിലും ആ നയങ്ങൾ പ്രാവർത്തികമാക്കുന്നത് ഉദ്യോഗസ്ഥരിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഭരണനടപടികളുടെ ശരിയായ സ്വാദ് അനുഭവിക്കാൻ കഴിയുക എന്നത് ഏറ്റവും പ്രധാനമാണ്. ഒരു കാര്യത്തിന് പലവട്ടം ഓഫീസിൽ കയറി ഇറങ്ങേണ്ടിവരുക. ചില തെറ്റായ ആവശ്യങ്ങൾ ചിലരിൽനിന്ന് കേൾക്കേണ്ടിവരുക തുടങ്ങിയവയെല്ലാം പൊതുവേ വലിയ അതൃപ്തിയാണ് ജനങ്ങളിൽ ഉണ്ടാക്കുക. അതല്ല നമ്മൾ ആഗ്രഹിക്കുന്നത്. അത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് ചെറുയൊരു വിഭാഗം മാത്രമാണ്. അവർ മഹാഭൂരിഭാഗം വരുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ് മനപ്രയാസിത്തിലാക്കുന്നത്. ദുഷ്പേര് ഒരാളിൽമാത്രം ഒതിങ്ങിനിൽക്കില്ല എന്നത് കാണേണ്ടതുണ്ട്. തെറ്റായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ സഹപ്രവർത്തകർക്ക് തന്നെ അവിടെ പ്രതികരിക്കാൻ കഴിയണം.

ജനങ്ങളെ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. വേഗത്തിൽ കാര്യങ്ങൾ നിർവഹിക്കേണ്ടതുണ്ട്. ഭരണത്തിന്റെ സ്വാദ് ശരിയായ രീതിയിൽ ജനങ്ങൾക്ക് ലഭിക്കണം. അതിനാണ് 900ത്തിലധികം സർവീസുകൾ ഇപ്പോൾ ഓൺലൈനാക്കിയിരിക്കുന്നത്. വില്ലേജ് ഓഫീസുകളടക്കം സ്മാർട്ടായി മാറുകയാണ്. ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ ഇതാണ് റവന്യു വകുപ്പിന്റെ ആപ്തവാക്യംതന്നെ. അതിനുതകുന്ന ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ 2016 മുതലുള്ള കണക്കെടുത്താൽ 3,60,000ലധികം പട്ടയങ്ങൾ ഇപ്പോൾ വിതരണം ചെയ്തിട്ടുണ്ട്. അതോടൊപ്പംതന്നെ എല്ലാവർക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടയ മിഷൻ രൂപീകരിച്ചത്. അതിൽതന്നെ ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കുന്നതിന് മുൻഗണന നൽകിയാണ് പ്രവർത്തിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തിന് ഒരു പ്രത്യേക പദവി ഇതിനകം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഭൂരഹിതരായ പട്ടികവർഗക്കാർ ഇല്ലാത്ത ആദ്യ ജില്ല എന്ന പദവി നേടാൻ തിരുവനന്തപുരത്തിന് കഴിഞ്ഞു. അതോടൊപ്പംതന്നെ ഭൂമിയുടെ രേഖ കൃത്യമായി എല്ലാവർക്കും ലഭ്യമാക്കാനുള്ള ഡിജിറ്റൽ റീ-സർവേ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഫലപ്രദമായി നടപ്പിലാക്കിവരുകയാണ്. ആദ്യത്തെ രണ്ടുവർഷംകൊണ്ടുത്തന്നെ 6 ലക്ഷം ഹെക്ടർ ഭൂമി സർവേ ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

കേരളത്തിലെ ഡിജിറ്റൽ റീ-സർവേ സംവിധാനം മാതൃകയാക്കാൻ മറ്റു സംസ്ഥാനങ്ങളും മുന്നോട്ടുവരുന്നതായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾക്ക് തുടർച്ചയായി റവന്യൂ ഓഫീസിലേക്ക് വരേണ്ടിവരുന്നുണ്ട്. ആ ഘട്ടത്തിൽ അവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുള്ള ഭാഗമായി കൂടിയാണ് ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് എന്ന ആശയത്തിലേക്ക് സർക്കാർ എത്തിയത്. ആടുത്ത സാമ്പത്തിക വർഷം ഇതിനായി രണ്ടുകോടിരൂപ നീക്കിവച്ചിരിക്കുകയാണ്. എല്ലാ സേവനങ്ങളും ഡിജിറ്റൽ ആവുകയാണ്. എല്ലാത്തിന്റെയും ഉദ്ദേശം സാധാരണകാരുടെ വിഷമതകൾ പരിഹരിക്കുക എന്നതാണ്.

റവന്യു വകുപ്പ് മുഖേന നൽകുന്ന സാക്ഷ്യപത്രങ്ങൾ മാത്രമല്ല എല്ലാ പേയ്മെന്റുകളും ഡിജിറ്റലാക്കാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇതുവരെ 10 കോടിയിലധികം സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്. പ്രവാസികൾക്ക് സാക്ഷ്യപത്രങ്ങൾക്ക് അപേക്ഷ നൽകുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 1,600ലധികം വില്ലേജ് ഓഫീസുകളുടെ പ്രവർത്തനങ്ങൾ സർക്കാർതലത്തിൽതന്നെ നേരിട്ട് നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെയാണ് റവന്യു വകുപ്പിൽ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കിയതും സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഒരുക്കിയതും. ആധുനിക സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തുന്ന വിധത്തിൽ വകുപ്പിന്റെ പ്രവർത്തനങ്ങളെ ആകെ പരിഷ്കരിക്കുകയാണ്. 515 വില്ലേജ് ഓഫീസുകൾ ഇതിനകം സ്മാർട്ട് ആക്കാൻ കഴിഞ്ഞിട്ടുണ്ട്. 184 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. അടുത്ത സാമ്പത്തികവർഷം 222 വില്ലേജ് ഓഫീസുകളെക്കൂടി സ്മാർട്ട് ആക്കിമാറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നികുതി വരുമാനവും നികുതിയേതര വരുമാനവും അടങ്ങുന്ന തനതുവരുമാനം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിലൂടെ മാത്രമേ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഉൾപ്പെടേയുള്ള റവന്യു ചെലവുകൾ ഉൾപ്പെടേയുള്ള സംസ്ഥാന സർക്കാരിന്റെ ചെലവുകൾ എല്ലാം കൃത്യമായി നിർവഹിക്കാൻ കഴിയുകയുള്ളൂ. ഇതിൽ തനതുവരുമാനത്തിന്റെ കാര്യത്തിൽ അഭിമാനകരമായ വളർച്ച നേടാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെ ക്രഡിറ്റ് ഉദ്യോഗസ്ഥർക്കും അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടേക്ക് നിക്ഷേപങ്ങൾ വരുക, വ്യവസായങ്ങൾ വളരുക, പുതിയ പുതിയ സംരംഭങ്ങൾ ഉണ്ടാവുക. ഇതെല്ലാം നാടിന്റെ വളർച്ചയ്ക്ക് സഹായകരമായി തീരും. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഇതിന്റെയെല്ലാം ഭാഗമായി മെച്ചപ്പെടും. ഇത്തരം ഒരു തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. ഏതു ചെറു സംരംഭം ആയാലും വലിയ സംരംഭം ആയാലും അതെല്ലാം നാടിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന് സാഹായകരമാകുമെന്ന് കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ റവന്യു വകുപ്പ് എല്ലാവർക്കും ഭൂമി എന്ന ആശയം മുന്നോട്ട് വയ്ക്കുമ്പോൾ കഴിഞ്ഞ 3 വർഷക്കാലത്തിനിടയിൽ 1,80,899 പട്ടയങ്ങൾ വിതരണം ചെയ്ത അഭിമാനകരമായ അനുഭവം ഉണ്ടായെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാധ്യമായി പട്ടയ മിഷൻ എന്ന ആശയം കൊണ്ടുവന്നു. എല്ലാ നിയോജക മണ്ടലങ്ങളിലേയും എം.എൽ.എമാരുടെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ വരെയുള്ള മുഴുവൻ ജനപ്രധിനിധികൾക്കും അവരുടെ അഭിപ്രായങ്ങൾ ഉന്നയിക്കാനും പട്ടയം ലഭ്യമാകാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തുവാനും കഴിയുകയും ആ പ്രശ്നങ്ങൾ ഒരു പട്ടയ ഡാഷ് ബോഡിലേക്ക് ക്രമീകരിക്കാൻ സാധിക്കുകയും ചെയ്തു. ഏറ്റവും വേഗതയിൽ പട്ടയങ്ങൾ ലഭ്യമാക്കാൻ മന്ത്രിസഭയുടെ തീരുമാനമോ ചട്ടഭേദഗതിയോ വേണ്ടിവന്നാൽ അതുൾപ്പെടെ കൊടുക്കാൻ കഴിയുമെന്ന വിധത്തിൽ കേരളത്തിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏറ്റവും ശക്തമായ നടപടികളെടുക്കാൻ ഈ കാലഘട്ടത്തിൽ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആന്റണി രാജു എം.എൽ.എ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

NO COMMENTS

LEAVE A REPLY