പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി കേന്ദ്രീകരിച്ച് വ്യാജകള്ള് നിർമ്മാണ ലോബിയെ സഹായിച്ചിരുന്ന 13 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനും അന്വേഷണം വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയെ ഏൽപ്പിക്കാൻ ശുപാർശ നൽകാനും ഉത്തരവിട്ടതായി തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
ആലത്തൂർ റെയ്ഞ്ച് പരിധിയിലെ അണക്കപ്പാറയിലെ കള്ള് ഗോഡൗണിൽ നിന്നാണ് വ്യാജകള്ളും സ്പിരിറ്റും കണ്ടെത്തിയത്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് വടക്കാഞ്ചേരി വഴുവക്കോടുള്ള ഒരു വീട്ടിൽ നിന്ന് 1312 ലിറ്റർ സ്പിരിറ്റ്, 2220 ലിറ്റർ വ്യാജകള്ള്, 11 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തത്. തുടർന്ന് എക്‌സൈസ് വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഈ വീട്ടിൽ നിന്ന് മാസപ്പടി വിശദാംശങ്ങളുള്ള ഡയറി, ട്രയൽ ബാലൻസ് കാണിക്കുന്ന കമ്പ്യൂട്ടർ സ്റ്റേറ്റ്‌മെന്റ്, ചില ക്യാഷ്ബുക്കുകൾ, വൗച്ചറുകൾ എന്നിവ കണ്ടെടുത്തിരുന്നു. ഈ രേഖകളിൽ നിന്നാണ് വ്യാജ മദ്യലോബിയുമായി ബന്ധമുള്ള എക്‌സൈസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ലഭിച്ചത്. എക്‌സൈസ് വകുപ്പിന്റെ തന്നെ സ്തുത്യർഹമായ ഇടപെടലിന്റെ ഭാഗമായാണ് അവിശുദ്ധ ബന്ധത്തെ തകർക്കാനും വ്യാജകള്ള് ലോബിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും സാധിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
ഒമ്പത് പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ സമഗ്രവും വിശദവുമായ അന്വേഷണം നടത്താനാണ് വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറുന്നത്. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കാതിരിക്കാൻ എക്‌സൈസ് വകുപ്പ് ജാഗ്രത പുലർത്തും. രഹസ്യവിവരത്തെ അടിസ്ഥാനമാക്കി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിൽ വിജയിച്ച എക്‌സൈസ് കമ്മീഷണർ എസ്.അനന്തകൃഷ്ണൻ, വിജിലൻസ് എസ്.പി മുഹമ്മദ് ഷാഫി, എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ ടി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മന്ത്രി അഭിനന്ദിച്ചു.