തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍. കോസ്റ്റ് ഗാര്‍ഡ്, വ്യോമ-നാവികസേന എന്നിവരോട് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നേവിക്കും കോസ്റ്റ്ഗാര്‍ഡിനും കത്തയച്ചു. നാവിക സേനയും തീരദേശ സേനയും ആവശ്യമായ കപ്പലുകള്‍ ഉപയോഗിച്ച് ആഴക്കടലില്‍ തിരച്ചില്‍ നടത്തണം. കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തിച്ച് മത്സ്യത്തൊഴിലാളികളെ കൂടെ തെരച്ചിലിന് ഒപ്പം കൂട്ടണമെന്നും ചീഫ് സെക്രട്ടറിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരച്ചിലിന് പോകാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ള മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം കലക്ടറുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് എത്തിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
തീരദേശ സേനയും നാവിക സേനയും ആവശ്യപ്പെട്ടാല്‍ ഭരണതലത്തിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെ തെരച്ചിലിന് പോകുന്ന കപ്പലില്‍ അയയ്ക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. രക്ഷപ്പെടുത്തുന്നവര്‍ക്ക് ചികിത്സ നല്‍കുന്നതിനും കണ്ടെത്തുന്ന മൃതദേഹം സൂക്ഷിക്കുന്നതിനും പ്രധാന തീരപ്രദേശങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കും. പത്ത് ദിവസത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. നാവിക സേന, വ്യോമസേന, തീരദേശ സേന തുടങ്ങിയവയുടെ ഉദ്യോഗസ്ഥരുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.