അഞ്ചു മാസത്തിലേറെ ശമ്പളം ലഭിക്കാതെയും മതിയായ ജീവിത സൗകര്യങ്ങളില്ലാതെയും മസ്‌കറ്റിലെ ജിഫിനിനിലില്‍ 80ലേറെ തൊഴിലാളികള്‍ ദുരിതത്തില്‍ കഴിയുന്നു. വിസാ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടക്കി അയക്കുവാന്‍ തയ്യാറാകാത്ത തൊഴിലുടമയ്‌ക്കെതിരെ പരാതിയുമായി തൊഴിലാളികള്‍ മസ്കറ് ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുകയാണ്.മസ്കറ്റില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ജിഫിനിനിലെ ഒരു നിര്‍മാണ കമ്പനിയിലെ തൊഴിലാളികള്‍ക്കാണ് ഈ ദുരവസ്ഥ. കഴിഞ്ഞ മൂന്നു കൊല്ലമായി ഈ കമ്പനിയില്‍ ജോലി ചെയ്തു വരുന്ന ഇവര്‍ക്ക് അഞ്ചു മാസത്തെ ശമ്പളം കുടിശികയായതോടെ നിത്യ ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ നാലു മാസമായി യാതൊരു ജോലിയും ഇല്ലാതെ ക്യാമ്പില്‍ തന്നെ കഴിയുന്ന ഇവര്‍ക്ക് മതിയായ ആഹാരവും വൈദ്യ സഹായവും ലഭിക്കുന്നില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
നാട്ടിലേക്ക് പണമയക്കാന്‍ സാധിക്കാത്തതിനാല്‍ ഇവരുടെ നാട്ടിലുള്ള ആശ്രിതരും വിഷമത്തിലാണ്. കുടിശിക ശമ്പളം നല്‍കി തങ്ങളെ എത്രയും പെട്ടന്ന് നാട്ടിലേക്ക് മടക്കി അയക്കാന്‍ കമ്പനി അധികൃതരുമായി ധാരണയിലെത്താനാണ് ഇവര്‍ മസ്കറ്റ് ഇന്ത്യന്‍ എംബസ്സിയുടെ സഹായം തേടിയിരിക്കുന്നത്.