ഒമാനില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും കര്‍ശന നിയത്രണങ്ങള്‍ നിലവില്‍ വരുന്നു. പുകയില ഉത്പന്നങ്ങളുടെ വില്പന നികുതി 20 ശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ധിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തുള്ള പുകയില ഉത്പന്നങ്ങളുടെ വില്പന നിര്‍ത്തലാക്കും. യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന പുകവലിശീലം കുറക്കാനാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഈ നീക്കം.നികുതി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഒമാനില്‍ പുകയില ഉത്പന്നങ്ങളുടെ വിലയില്‍ 20 ശതമാനം വര്‍ദ്ധനയുണ്ടാകും. 40 മുതല്‍ 100 ശതമാനം വരെ വിലകൂട്ടാനും സര്‍ക്കാര്‍ പദ്ധതിയിലുണ്ട്. ആരോഗ്യ മന്ത്രാലയമാണ് നികുതി വര്‍ദ്ധിപ്പിച്ചതായി വ്യക്തമാക്കിയത്.ഒമാനിലെ ജനസംഖ്യയില്‍ 15 ശതമാനത്തോളം പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് മന്ത്രാലയം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍ പുകവലി ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഒമാനില്‍ സ്ത്രീകളുടെ ഇടയിലും പുകയില ഉത്പന്നങ്ങള്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു എന്നാണ് റിപോര്‍ട്ടുകള്‍.
പ്രഖ്യാപിച്ചിരിക്കുന്ന വര്‍ദ്ധനവ് എല്ലാ പുകയില ഉത്പന്നങ്ങളെയും ബാധിക്കും ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന പുകയില ഉത്പന്നങ്ങളില്‍ 95 ശതമാനവും വിവിധ അന്താരാഷ്ട്ര ബ്രാന്‍ഡ് സിഗററ്റുകളാണ്. ഇറക്കുമതിയിലും കര്‍ശന നിയന്ത്രങ്ങള്‍ നടപ്പിലാക്കും. പൊതു സ്ഥലങ്ങളിലും കോഫി ഷോപ്പുകളിലും ഷിഷാ കഫേകളിലും പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒമാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളും രൂപികരിച്ചു കഴിഞ്ഞു. സ്കൂളുകളുടെയും കോളെജുകളുടെയും സമീപത്തുള്ള പുകയില ഉത്പന്നങ്ങളുടെ വില്പന നിര്‍ത്തലാക്കും. വില വര്‍ദ്ധിപ്പിച്ച് ഉപയോഗം കുറക്കാന്‍ കഴിഞ്ഞ വര്‍ഷം തന്നെ അധികൃതര്‍ തീരുമാനം കൈക്കൊണ്ടിരുന്നു.