തിരുവനന്തപുരം : ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്ന തിനായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.
കോവിഡ് പരിശോധന നിരക്ക് വർധിപ്പിക്കുന്നതിനും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ എണ്ണം വർധിപ്പിക്കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകി. കൂടാതെ ഒമിക്രോൺ വ്യാപനം കൂടുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ ഒരാഴ്ചത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കും.
കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും മുതിർന്നവരുടെയും കുട്ടികളുടെയും വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു. വൃദ്ധസദനങ്ങളിലും ജയിലുകളിലും കോവിഡ് പരിശോധന വിപുലമാക്കും. കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി വ്യാപനം നിയന്ത്രിക്കാനായി ഡോക്ടർമാരുടെ പ്രത്യേകം സംഘത്തിനും യോഗത്തിൽ രൂപം നൽകി. ഒമിക്രോൺ ചികിത്സക്കായി സ്വകാര്യ ആശുപത്രികളുടെ കൂടി സഹകരണം തേടും. ബൂസ്റ്റർ ഡോസ് നൽകുന്നതിന് ആവശ്യമായ തയാറെടുപ്പുകൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ എം. എസ്. മാധവികുട്ടി, ജില്ലാ വികസന കമ്മിഷണർ ഡോ.വിനയ് ഖോയൽ, ഡെപ്യൂട്ടി കളക്ടർ ടി .കെ. വിനീത്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജോസ് ഡിക്രൂസ്,ഡി.പി.എം ഡോ.ആശാ വിജയൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.