തിരുവനന്തപുരം∙ യുഡിഎഫ് ചെയർമാൻ പദവി വേണ്ടന്ന നിലപാടിൽ ഉമ്മൻ ചാണ്ടി. ഇന്നു ചേരുന്ന യുഡിഎഫ് യോഗത്തോടനുബന്ധിച്ചും ഈ ആവശ്യം ഉയർന്നേക്കാമെങ്കിലും അദ്ദേഹം മനസ്സു മാറ്റാനുള്ള സാധ്യത കുറവാണ്.
പ്രതിപക്ഷ നേതൃപദത്തിലേക്കില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ നേതൃത്വത്തിൽ അദ്ദേഹം തുടരണമെന്ന ആവശ്യം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല തന്നെ ഇക്കാര്യം ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടു. ഘടകകക്ഷി നേതാക്കളും ഈ അഭിപ്രായം പങ്കുവച്ചു. പക്ഷേ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം കൂടി കണക്കിലെടുത്തു നിയമസഭാകക്ഷി നേതൃത്വം ഒഴിഞ്ഞ സാഹചര്യത്തിൽ മറ്റു പദവി ഏറ്റെടുക്കുന്നതു ശരിയല്ലെന്ന സമീപനത്തിലാണ് അദ്ദേഹം.
മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവും എന്ന നിലയിൽ യുഡിഎഫ് നേതൃത്വത്തിൽ സജീവമായി തുടരും. സാങ്കേതികമായ പദവി ഉമ്മൻചാണ്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ ഈ വാദത്തെ പിന്തുണയ്ക്കുന്നവർ അഭിപ്രായപ്പെടുന്നു. തിരഞ്ഞെടുപ്പു തോൽവി ചർച്ച ചെയ്യാനും തുടർനടപടികൾ ആവിഷ്കരിക്കാനുമായിട്ടാണ് ഇന്നു രാവിലെ നേതൃയോഗം. നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാതെ പോയ ജനതാദളും(യു) ആർഎസ്പിയും അതിന്റെ പേരിൽ പാർട്ടിക്കകത്തും സമ്മർദം നേരിടുകയാണ്.
ഇരു പാർട്ടികളുടെയും നേതൃയോഗങ്ങളിൽ ഉയർന്ന വികാരം നേതാക്കൾ യുഡിഎഫിനെ അറിയിച്ചേക്കും. കോൺഗ്രസിനെതിരെയാണ് ഇരുപാർട്ടികളും തിരിഞ്ഞിരിക്കുന്നത്. സ്പീക്കർ തിരഞ്ഞെടുപ്പിൽ ഒരു വോട്ടു ചോർന്നതും ചർച്ചയ്ക്കു വരും. നിയമസഭയിലെ ആദ്യ വോട്ടെടുപ്പിൽ പ്രതിപക്ഷത്തെ ഒരു വോട്ട് ഭരണപക്ഷത്തിനു ചോർന്നതു യുഡിഎഫിന് ഉണ്ടാക്കിയ ജാള്യം ചെറുതല്ല. ആരാണു കപ്പലിലെ കള്ളൻ എന്നു കണ്ടെത്താനും കഴിഞ്ഞിട്ടില്ല.