സന്നിധാനം: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിനാണ് നട തുറന്നത്. വലിയ ഭക്തജന തിരക്ക് സന്നിധാനത്തില്ലെങ്കിലും കനത്ത സുരക്ഷ പോലീസ് ഒരുക്കിയിട്ടുണ്ട്. സ്ത്രീപ്രവേശന വിധിക്ക് ശേഷം മാസപൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴെല്ലാം ശക്തമായ സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.
ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചിനു മഹാഗണപതിഹോമത്തോടെ പതിവു പൂജകള്‍ ആരംഭിക്കും. 17നു രാത്രിയാണ് നട അടയ്ക്കുന്നത്.
സുരക്ഷ ശക്തമാക്കിയതിന്‍റെ ഭാഗമായി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്ത് 700 അംഗ പോലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പന്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഓരോ എസ്പിമാരും അവരോടൊപ്പം രണ്ട് ഡിവൈഎസ്പിമാര്‍ വീതവും ചുമതലയേറ്റിട്ടുണ്ട്. നാലു വീതം സിഐമാരും എല്ലാ സ്ഥലങ്ങളിലും ഡ്യൂട്ടിയിലുണ്ടാകും.