കാസറഗോഡ് : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിന് തുടക്കമായി. മാര്‍ച്ച് 17 വരെ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ പരിശീലനം നടക്കും. 108 ബാച്ചുകളിലായി 4320 പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നടന്നത്. ആദ്യ ദിനം അഞ്ച് കേന്ദ്രങ്ങളിലായി പത്ത് ബാച്ചുകളിലായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന പരിശീലനത്തില്‍ ഓരോ കേന്ദ്രത്തിലും 400 പേര്‍ വീതം 2000 ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ കോളജില്‍ രണ്ട് ദിനങ്ങളിലായി 15 ബാച്ചുകളിലായി 600 പേരും, കാസര്‍കോട് മണ്ഡലത്തില്‍ കാസര്‍കോട് ഗവ. കോളേജില്‍ മൂന്ന് ദിനങ്ങളിലായി 30 ബാച്ചുകളിലായി 1200 പേരുമാണ് പങ്കെടുക്കുന്നത്. 17 ബാച്ചുകളിലായി 680 പേര്‍ക്കുള്ള പരിശീലനം രണ്ട് ദിവസങ്ങളിലായി പെരിയ ഗവ. പോളിടെക്നിക് കോളജില്‍ പൂര്‍ത്തീകരിക്കും.
മൂന്ന് ദിനങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ 24 ബാച്ചുകളിലായി 960 പേരും തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളജില്‍ 22 ബാച്ചുകളിലായി 880 പേരും പങ്കെടുക്കും. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ കോളജില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു സന്ദര്‍ശിച്ചു.