സ്‌കൂളിലേക്ക് പോകുമ്പോൾ ; ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം ; മന്ത്രി വീണാ ജോർജ്

25

മധ്യവേനലവധി കഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം.

ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം തുടങ്ങിയ പല പകർച്ചവ്യാധികളേയും കൃത്യമായ പ്രവർത്തനങ്ങളി ലൂടെ പ്രതിരോധിക്കാൻ സാധിക്കും. കുട്ടികൾക്ക് നൽകുന്ന ആരോഗ്യ അറിവുകൾ വീട്ടിലേക്ക് എത്തിക്കാനാകും. എപ്പോഴും സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ വൃത്തിയുള്ള ആഹാരം മാത്രമേ കഴിക്കാവൂ, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി മറ്റു രോഗങ്ങളും പകരാൻ സാധ്യതയുള്ളതിനാൽ രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

·കുട്ടികൾ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറിയത് ആയിരിക്കണം.

·ഇലക്കറികൾ, പച്ചക്കറികൾ കൂടുതൽ അടങ്ങുന്ന, വീട്ടിലുണ്ടാക്കിയ, സമീകൃതാഹാരം ഉച്ചയൂണായും സ്നാക്സ് ആയും കുട്ടികൾക്ക് കഴിക്കാനായി കൊടുത്ത് വിടുക. പുറത്ത് നിന്നുള്ള ഭക്ഷണം സ്ഥിരമായി കൊടുക്കരുത്.

·ധാരാളം വെള്ളം കുടിയ്ക്കണം

·ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്.

·ഭക്ഷണം കഴിക്കുന്നതിന് മുമ്പും, ടോയ്‌ലെറ്റിൽ പോയതിന് ശേഷവും നിർബന്ധമായി കൈകൾ നന്നായി കഴുകുക. സോപ്പ് ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്.

·മാങ്ങ, പപ്പായ, നെല്ലിക്ക തുടങ്ങിയ പ്രാദേശികമായി കിട്ടുന്ന പഴവർഗങ്ങൾ ധാരാളം നൽകുക.

·വിറ്റാമിൻ സി കിട്ടാൻ കുട്ടികൾക്ക് നാരങ്ങാ വെള്ളം ദിവസവും കൊടുക്കുന്നത് നല്ലതാണ്.

·കുട്ടികൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാതെ ശ്രദ്ധിക്കണം.

·മഴ നനയാതിരിക്കാൻ കുടയോ, റെയിൻകോട്ടോ കുട്ടികൾക്ക് രക്ഷകർത്താക്കൾ നൽകണം.

·കുട്ടികൾ മഴ നനഞ്ഞ് വന്നാൽ തല തോർത്തിയ ശേഷം ഉണങ്ങിയ വസ്ത്രം ധരിപ്പിച്ച് കുടിക്കാൻ പോഷണ ഗുണമുള്ള ചൂട് പാനീയങ്ങൾ (ചൂട് കഞ്ഞിവെള്ളം, ചൂട് പാൽ മുതലായവ) നൽകുക.

·മഴയുള്ള സമയത്ത് കുട്ടികൾക്ക് വൈറൽ പനിയും ശ്വാസകോശ രോഗങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മറ്റ് കുട്ടികളിലേക്ക് അവ പകരാതിരിക്കാൻ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടാൻ കുട്ടികളെ ശീലിപ്പിക്കുക.

·പനിയുള്ള കുട്ടികൾ സ്‌കൂളിൽ പോകാതിരിക്കുകയാണ് നല്ലത്. കൃത്യമായ ചികിത്സ കുട്ടികൾക്ക് ഉറപ്പാക്കുകയും ചെയ്യണം.

·കുട്ടിക്ക് മലിനമായ വെള്ളവുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ ആ വിവരം ഡോക്ടറെ അറിയിക്കണം.

·അധ്യാപകർ കുട്ടികളെ നിരീക്ഷിച്ച് സുഖമില്ലാത്ത കുട്ടികളുടെ വിവരം രക്ഷകർത്താക്കളെ അറിയിക്കണം.

·വിഷമിച്ച് ഉൾവലിഞ്ഞ് നിൽക്കുന്ന കുട്ടികൾ, ഭിന്നശേഷി കുട്ടികൾ എന്നിവർക്ക് മാനസിക പിന്തുണ ഉറപ്പാക്കി സ്‌നേഹവും പ്രോത്സാഹനവും നൽകുക.

·ക്ലാസ് മുറികളുടെയും സ്‌കൂൾ പരിസരത്തിന്റെയും സുരക്ഷിതത്വം ഉറപ്പാക്കുക.

·അപകടകരമായ സാഹചര്യം കണ്ടാൽ പരിഹാരത്തിനായി അധ്യാപകരെ വിവരം അറിയിക്കുക.

·രക്ഷകർത്താക്കൾക്കോ അധ്യാപകർക്കോ ആരോഗ്യത്തെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ ഹെൽപ് ലൈൻ ‘ദിശ’യിൽ 104, 1056, 0471-2552056, 0471-2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

NO COMMENTS

LEAVE A REPLY