ലോക കൊതുക് ദിനം ഗപ്പി മീനുകളെ വെള്ളക്കെട്ടുകളില്‍ നിക്ഷേപിച്ചു

36

കാസറഗോഡ് : വെള്ളകെട്ടുകളില്‍ ഗപ്പി മീനുകളെ നിക്ഷേപിച്ച് കുമ്പള സിഎച്ച്സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക കൊതുക് ദിനാചരണം വ്യത്യസ്തമായി. ഇതോടനുബന്ധിച്ച് ആരോഗ്യ ബോധവത്ക്കരണം, കൊതുക് ഉറവിട നശീകരണം, ഓണ്‍ലൈന്‍ മീറ്റിങ് തുടങ്ങിയ പരിപാടികളും വരും ദിവസങ്ങളില്‍ നടത്തും.

കൊതുക് ജന്യരോഗങ്ങളായ ഡെങ്കിപ്പനി, മലമ്പനി, മന്ത് തുടങ്ങിയ രോഗങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് കൊതുകുദിനത്തിന്റെ ഉദ്ദേശിക്കുന്നത്. കുമ്പള ഹെല്‍ത്ത് ബ്ലോക്കില്‍ ജൂലൈയില്‍ 82 ഡങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ആരോഗ്യവകുപ്പിന്റെ ശക്തമായ ഇടപെടലുകള്‍ കാരണം ആഗസ്റ്റില്‍ അത് എട്ട് ആയി കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്റഫ് പറഞ്ഞു.

കുമ്പള,പുത്തിഗെ,മധൂര്‍,ബദിയഡുക്ക,പെര്‍ള,കുമ്പഡാജെ,ബെള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കൊതുകുദിന പരിപാടി കുമ്പള സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ദിവാകര ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ മോഹനന്‍ പിള്ള, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുര്യാകോസ് ഈപ്പന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ കെ ആദര്‍ശ്, പി വിവേക്, ജെപി.എച്ച്എന്‍ എസ് ശാരദ, വില്‍ഫ്രഡ് തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS