തിരുവനന്തപുരം• ഗതാഗതം തടഞ്ഞു നടുറോഡില്‍ വിദ്യാര്‍ഥികളുടെ ഓണാഘോഷം. യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളാണ് എംജി റോഡിലെ ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ച് ഓണാഘോഷം നടത്തിയത്.
പൊലീസ് നോക്കിനില്‍ക്കെയാണ് എസ്‌എഫ്‌ഐയുടെ കൊടിയും പിടിച്ചുള്ള വിദ്യാര്‍ഥികളുടെ ഓണാഘോഷം നടന്നത്. ഗതാഗതം തടയരുതെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. വാദ്യമേളങ്ങള്‍ കൊട്ടിയും ഡാന്‍സ് കളിച്ചും കുട്ടികള്‍ റോഡിലേക്കിറങ്ങി. ഏകദേശം ഇരുന്നൂറോളം കുട്ടികളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. കുട്ടികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.രാവിലെ മുതല്‍ കോളജിനകത്ത് ഓണാഘോഷം നടക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് ക്യാംപസില്‍നിന്നും കുട്ടികള്‍ റോഡിലേക്കിറങ്ങിയത്.യൂണിവേഴ്സിറ്റി കോളജ് മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍വരെ ഘോഷയാത്രയുമായും കുട്ടികളെത്തി. ഏകദേശം ഒരു മണിക്കൂറോളം വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി.