തിരുവനന്തപുരം : സംസ്ഥാനസർക്കാരിനു വേണ്ടി വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 10 മുതൽ 16 വരെ നടക്കും. സെപ്റ്റംബർ 10ന് ഉത്രാടനാളിൽ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകുമെന്ന് വാർത്താസമ്മേളനത്തിൽ സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഓണസന്ദേശം നൽകും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നിർവഹിക്കും.
ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം നടക്കും. മികച്ച ചലച്ചിത്രനടിക്കുള്ള ദേശീയ പുരസ്‌കാര ജേതാവ് കീർത്തീ സുരേഷ്, പ്രശസ്ത സിനിമാതാരം ടൊവിനോ തോമസ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. പ്രശസ്ത പിന്നണി ഗായിക കെ. എസ് ചിത്രയുടെ സംഗീതനിശ അരങ്ങേറും.
കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങൾക്കൊപ്പം ആധുനികകലകളും സംഗീത-ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം ഓണം വാരാഘോഷത്തിന്റെ ഭാഗമായി ആസ്വദിക്കാം. പുതിയ വേദിയായ വെള്ളായണി ഉൾപ്പെടെ തലസ്ഥാന നഗരിക്കകത്തും പുറത്തുമായി 29 ഇടങ്ങളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഏഴ് ദിവസത്തെ പരിപാടികളിൽ അയ്യായിരത്തിലേറെ കലാകാര•ാർ പങ്കെടുക്കും.
സപ്തംബർ എട്ട് വൈകിട്ട് ആറിന് സംസ്ഥാന വിനോദസഞ്ചാര മന്ത്രി കടകംപള്ളി സുരേന്ദ്രൻ കനകക്കുന്നിൽ ഓണപ്പതാക ഉയർത്തും. ഒൻപതിന് വൈകിട്ട് ആറിന് ഇല്യൂമിനേഷൻ കമ്മിറ്റി ചെയർമാൻ സി കെ ഹരീന്ദ്രൻ എംഎൽഎ വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ചോണും ഫുഡ് ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ കെ. ശബരീനാഥൻ എംഎൽഎ ഭക്ഷ്യമേളയുടെ ഉദ്ഘാടനവും നിർവഹിക്കും.
സെപ്റ്റംബർ 16 ന് കോവളം ലീല റാവിസിൽ നടക്കുന്ന ടൂറിസം സംഗമമാണ് ഈ വർഷത്തെ ഓണാഘോഷത്തിന്റെ പ്രധാന സവിശേഷതയെന്ന് മന്ത്രി പറഞ്ഞു. പ്രളയത്തെ അതിജീവിച്ച കേരളത്തെക്കുറിച്ചു വിവരിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിനോദസഞ്ചാര, സാംസ്‌കാരിക സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ മുഖ്യാതിഥിയായിരിക്കും. രാജ്യത്തെ ഇതരസംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സമ്മേളനത്തിൽ സുസ്ഥിര വിനോദസഞ്ചാരത്തിനായുള്ള മികച്ച മാതൃകകൾ, ടൂറിസം വ്യവസായം നേരിടുന്ന വെല്ലുവിളികൾ, സംസ്ഥാന ടൂറിസം ബോർഡുകളുടെ ബ്രാൻഡിംഗും പ്രമോഷനും തുടങ്ങിയ വിഷയങ്ങളെ അധികരിച്ച സെഷനുകളാണ് നടക്കുക.
പ്രശസ്ത പിന്നണി ഗായകരായ എം.ജി. ശ്രീകുമാർ, വിധുപ്രതാപ്, സുധീപ് കുമാർ, റിമിടോമി, ജ്യോത്സ്ന, കാർത്തിക്, ശ്രീനിവാസ്, മധു ബാലകൃഷ്ണൻ, ഉണ്ണിമേനോൻ, രമേശ് നാരായണൻ, മാർക്കോസ്, ജാസി ഗിഫ്റ്റ്, മൃദുല വാര്യർ, കാവാലം ശ്രീകുമാർ എന്നിവർ വിവിധ വേദികളിൽ അണിനിരക്കും. പ്രശസ്ത നർത്തകരും സിനിമാതാരങ്ങളുമായ ആശാ ശരത്തിന്റേയും നവ്യാനായരുടേയും നൃത്തങ്ങൾക്കും തലസ്ഥാന നഗരം സാക്ഷ്യം വഹിക്കും. തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ബാൻഡും പരിപാടി അവതരിപ്പിക്കും. പഞ്ചാരി ഉൾപ്പെടെ 20 മേളപരിപാടികളും പ്രശസ്തരുടേതുൾപ്പെടെ 18 ഗാനമേളകളും 40 നൃത്തപരിപാടികളും സ്ത്രീകളുടേയും കുട്ടികളുടേയും 24 കലാപരിപാടികളും ട്രാൻസ്ജെൻഡർമാരുടെ ഒരു കലാപരിപാടിയും അരങ്ങിലെത്തുമെന്ന് മന്ത്രി പറഞ്ഞു.
വിധുപ്രതാപും ഡി ഫോർ ഡാൻസ് സംഘവും അണിനിരക്കുന്ന മലയാളമനോരമയുടെ പരിപാടിക്കും മാതൃഭൂമിയുടെ ജോൺസൺ നിശയ്ക്കും ലെനിൻ രാജേന്ദ്രൻ സ്മരണയായ ‘രാത്രിമഴ’യ്ക്കുമാണ് നിശാഗന്ധി ആതിഥ്യമരുളുന്നത്. ജയ്ഹിന്ദ് ടിവിയുടെ ‘തിരുവോണനിലാവ്’ എസിവിയുടെ ‘ഋതുരാഗം’, മംഗളത്തിന്റെ ‘ഓണനിലാവ്’, ദേശാഭിമാനിയുടെ തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ്, മെട്രോവാർത്തയുടെ ഓണം ഫിയസ്റ്റ, കേരള കൗമുദിയുടെ കൗമുദി ടിവി ഓണം എക്സ്ട്രീം എന്നീ മെഗാപരിപാടികൾക്ക് സെൻട്രൽ സ്റ്റേഡിയം വേദിയാകും. പ്രശസ്ത നർത്തകിയും സിനിമാതാരവുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടിയും മുളസംഗീതം, പഞ്ചവാദ്യം, ഗസൽ, കളരിപ്പയറ്റ് എന്നിവയും കഴക്കൂട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.
പ്രധാന നൃത്തയിനങ്ങൾ വൈലോപ്പിള്ളിയിലും ഭാരത്ഭവനിലും തീർത്ഥപാദമണ്ഡപത്തിലും അരങ്ങേറും.
സൂര്യകാന്തിയിലും പബ്ലിക് ഓഫീസ് പരിസരത്തും പൂജപ്പുര മൈതാനത്തും ഗാനമേളയാണ് ഒരുക്കിയിരിക്കുന്നത്. ഭാരത് ഭവനും വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെ കൂത്തമ്പലവും ശാസ്ത്രീയ നൃത്തത്തിനും സംഗീതിക ശാസ്ത്രീയ സംഗീതത്തിനും വേദിയാകും. ഗാന്ധിപാർക്കിൽ പതിവുപോലെ കഥാപ്രസംഗം അരങ്ങേറും. മ്യൂസിയം പരിസരത്ത് എല്ലാ ദിവസവും അമച്വർ നാടകങ്ങളും യോഗയും കളരിപ്പയറ്റും തിരുവരങ്ങ്, സോപാനം എന്നിവിടങ്ങളിൽ നാടൻ കലാരൂപങ്ങളും അരങ്ങേറും.
അയ്യങ്കാളി ഹാൾ (വിജെടി) കഥ, കവിയരങ്ങ്, നാടകങ്ങൾ എന്നിവയ്ക്കും കനകക്കുന്ന ഗേറ്റ് വാദ്യമേളങ്ങൾക്കും തീർത്ഥപാദമണ്ഡപം കഥകളിക്കും അക്ഷരശ്ലോകത്തിനും കൂത്തിനും കൂടിയാട്ടത്തിനും വേദിയാകും. സ്ത്രീകളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികൾ ശംഖുമുഖത്ത് നടക്കും.
നെടുമങ്ങാട് പാർക്കിംഗ് ഗ്രൗണ്ട്, മുടവൂർപാറ ബോട്ട് ക്ലബ് പരിസരം, ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ്, പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല, കഴക്കൂട്ടം, ആറ്റിങ്ങൽ, നെയ്യാറ്റിൻകര മുൻസിപ്പൽ ഗ്രൗണ്ട്, കോട്ടയ്ക്കകം ശ്രീ ചിത്തിര തിരുനാൾ പാർക്ക്, ആക്കുളം എിവിടങ്ങളിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. പുതിയ വേദിയായ വെള്ളായണിയിൽ പഞ്ചവാദ്യം, ഗാനമേള, ചരിത്ര നാടകം, കഥാപ്രസംഗം, വിൽപ്പാട്ട്, കളരിപ്പയറ്റ്, നാടൻപാട്ട് എന്നിവയ്ക്ക് വേദിയാകും.
നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഊഞ്ഞാലുകൾ ഒരുക്കുന്നതിനൊപ്പം പൊതുജനങ്ങൾക്കും മാധ്യമസ്ഥാപനങ്ങൾക്കും ടൂറിസം മേഖലയിലെ പങ്കാളികൾക്കുമായി അത്തപ്പൂക്കള മത്സരവും തിരുവാതിരക്കളി മത്സരവും സംഘടിപ്പിക്കും. അത്തപ്പൂക്കള മത്സരത്തിന് സെന്റ് ജോസഫ് സ്‌കൂൾ വേദിയാകും. തിരുവാതിരക്കളി ഭാരത് ഭവനിൽ നടക്കും.
സൂര്യകാന്തിയിൽ ഒരുക്കുന്ന വ്യാപാരമേളയുടെ ഉദ്ഘാടനം സെപ്തംബർ എട്ട് വൈകുന്നേരം 3.30 ന് സി. ദിവാകരൻ എംഎൽഎ നിർവഹിക്കും. നൂറോളം സ്റ്റാളുകളാണ് വ്യാപാരമേളയിൽ അണിനിരക്കുക.
സംസ്ഥാനത്തെ മറ്റെല്ലാജില്ലകളിലും നടക്കുന്ന ആഘോഷ പരിപാടികൾക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകളും സംയുക്തമായി നേതൃത്വം നൽകും.
സെപ്റ്റംബർ 16 വൈകിട്ട് അഞ്ചിന് വെള്ളയമ്പലം മുതൽ കിഴക്കേക്കോട്ട വരെയുള്ള വർണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെ ഓണം വാരാഘോഷങ്ങൾക്കു സമാപനമാകും. ഇന്ത്യയുടേയും കേരളത്തിന്റേയും വൈവിധ്യമാർന്ന കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങൾക്കും കലാരൂപങ്ങൾക്കും വാദ്യാഘോഷങ്ങൾക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയിൽ അണിനിരക്കും.
ടൂറിസം സംഗമത്തിനെത്തുന്ന മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം ഘോഷയാത്ര വീക്ഷിക്കുമെന്ന് മന്ത്രി അറിയിച്ചു.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രചാരണത്തിനുവേണ്ടി ഭരത്ബാല നിർമിച്ച് എ.ആർ.റഹ്മാൻ ശബ്ദം നൽകിയിരിക്കുന്ന വീഡിയോ വാർത്താസമ്മേളനത്തിൽ മന്ത്രി പ്രകാശനം ചെയ്തു. ചാലിയാർ പുഴയുടെ സംരക്ഷണാർഥം സെപ്റ്റംബർ 20,21,22 തീയതികളിൽ നടത്തുന്ന ചാലിയാർ റിവർ പാഡിൽ പരിപാടിയുടെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.
സി.ദിവാകരൻ എം.എൽ.എ, ടൂറിസം ഡയറക്ടർ പി.ബാലകിരൺ, കെടിഡിസി മാനേജിംഗ് ഡയറക്ടർ രാഹുൽ ആർ.പിള്ള എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.