എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി ഓണാശംസകള്‍ നേർന്നു.

36

എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഹൃദയപൂര്‍വമായ ഓണാശംസകള്‍ നേർന്നു. അങ്ങേയറ്റം അസാധാരണമായ ഒരു ലോക സാഹചര്യത്തിലാണ് ഇത്തവണ തിരുവോണം കടന്നുവരുന്നത്.

അതുകൊണ്ടുതന്നെ അസാധാരണമാം വിധം മ്ലാനമായ ഈ അന്തരീക്ഷത്തെ മുറിച്ചുകടക്കാന്‍ നമുക്കു കഴിയുകതന്നെ ചെയ്യും എന്ന പ്രത്യാശ പടര്‍ത്തിക്കൊണ്ടാവണം ഇത്തവണത്തെ ഓണാഘോഷം.

പഞ്ഞക്കര്‍ക്കിടകത്തെ കടന്നാണല്ലൊ നാം പൊന്‍ചിങ്ങത്തിരുവോണത്തിലെത്തുന്നത്. അപ്പോള്‍ ഓണം വലിയ ഒരു പ്രതീക്ഷയാണ്; പ്രത്യാശയാണ്. ഏതു പ്രതികൂല സാഹചര്യത്തിനുമപ്പുറത്ത് അനുകൂലമായ പ്രകാശപൂര്‍ണമായ ഒരു കാലമുണ്ട് എന്ന പ്രതീക്ഷ. ആ പ്രതീക്ഷയുടെ കൈത്തിരികള്‍ മനസ്സില്‍ വെളിച്ചം പടര്‍ത്തട്ടെ.

ഇക്കാലത്ത് അതിന് പ്രത്യേകമായ പ്രാധാന്യ മുണ്ട്. ഓണം ഭാവിയെക്കൂടി പ്രസക്തമാക്കുന്ന ഒരു സങ്കല്‍പമാണ്. മാനുഷരെല്ലാരും ഒന്നു പോലെ കഴിഞ്ഞിരുന്ന ഒരു കാലം പണ്ട് ഉണ്ടായിരുന്നു എന്ന് ആ സങ്കല്‍പം പറഞ്ഞു തരുന്നു. അതുകൊണ്ടുതന്നെ വറ്റാത്ത ഊര്‍ജത്തിന്‍റെ കേന്ദ്രമാണ് ആ സങ്കല്‍പം. എല്ലാ മനുഷ്യരും ഒരുമയില്‍, സമത്വത്തില്‍, സ്നേഹത്തില്‍, സമൃദ്ധിയില്‍ കഴിയുന്ന ഒരു കാലം ഉണ്ടാവണമെന്നാഗ്രഹിച്ച് അതിനായി യത്നിക്കുന്ന ആര്‍ക്കും അളവില്‍ കവിഞ്ഞ പ്രചോദനം പകര്‍ന്നുതരും ആ സങ്കല്‍പം.

ആ യത്നങ്ങള്‍ സഫലമാവട്ടെ. എല്ലാവിധ വേര്‍തിരിവുകള്‍ക്കുമതീതമായി എല്ലാവിധ ഭേദചിന്തകള്‍ക്കുമതീതമായി സന്തോഷത്തോടെ എല്ലാ മനുഷ്യരും കഴിയുന്ന ഒരു നല്ല കാലത്തിന്‍റെ പിറവിക്കായി എന്നും പ്രചോദനമാവട്ടെ ഓണം. കോവിഡ് വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്, പരിമിതികള്‍ക്കുള്ളില്‍ നിന്ന് നമുക്ക് ഓണം ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു

NO COMMENTS