‘ഒരു വർഷം ഒരുലക്ഷം സംരംഭങ്ങളെന്ന’ ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് തൊഴിലില്ലായ്മ പൂർണമായി ഇല്ലാതാകു മെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. ഈ പ്രവർത്തനങ്ങളിൽ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷനുകൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിൽ പുതുതായി നിയമനം ലഭിച്ച എൻജിനിയർമാർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സർട്ടിഫിക്കറ്റ് വിതരണോദ്്ഘാടനം നിർവഹിക്കുക യായിരുന്നു മന്ത്രി.
അഞ്ചു വർഷം കൊണ്ട് 20 ലക്ഷം അഭ്യസ്ഥവിദ്യർക്കു തൊഴിൽ നൽകാനുള്ള നടപടികളിലാണു സർക്കാർ. കുടുംബശ്രീ വഴി 18 മുതൽ 40 വയസുവരെയുള്ള സ്ത്രീകളെ ഉൾപ്പെടുത്തി 19,000ൽ അധികം ഓക്‌സിലിയറി ഗ്രൂപ്പുകൾ ഇതിനോടകം രൂപീകരിച്ച് സംരംഭ പ്രോത്സാഹന പദ്ധതികളും ഒരുക്കുന്നുണ്ട്. വിജ്ഞാന സമൂഹമായി മാറാനും അതിനൊപ്പം വിജ്ഞാന സമ്പത്തിന്റെ ആസ്ഥാനമായി മാറുകയുമാണു കേരളം ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വകുപ്പിൽ പുതുതായി എത്തിയ എൻജീനിയർമാർക്കായി കിലയുടേയും തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയ ത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ കില ക്യാമ്പസിൽ പരിശീലനം സംഘടിപ്പിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസത്തെ ഫീൽഡ് തല പ്രായോഗിക പരിശീലനവും നൽകി.
തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയോസ് ക്യാമ്പസിലെ മാർ ഗ്രിഗോറിയസ് റിന്യുവൽ സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ പുതുതായി നിയമനം ലഭിച്ച 138 എൻജിനിയർമാർക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ.എസ്.ആർ.ആർ.ഡി.എ ചീഫ് എൻജിനിയർ സന്ദീപ് കെ.ജി, എക്‌സിക്യൂട്ടീവ് എൻജിനിയർ ടി.എൻ. മിനി, റിട്ട.ചീഫ് എൻജിനിയർ കെ. സജീവൻ, എക്‌സിക്യൂട്ടീവ് എൻജിനിയർ ആർ. മുരളി, ഡെപ്യൂട്ടി ചീഫ് എൻജിനിയർ ബീന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.