കൊറോണ വൈറസിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു

174

ഊട്ടി: ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഊട്ടിയിലെ ചന്തയ്ക്ക് പുറകിലായ ചായക്കടയിലായിരുന്നു സംഭവം. ഊട്ടി ചന്തയില്‍ ചുമട്ടുതൊഴിലാളിയായ നൊണ്ടിമേട് സ്വദേശി ജ്യോതിമണി (35) ആണ് കൊറോണ വൈറസിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തില്‍ കുത്തേറ്റുമരിച്ചത് .സംഭവത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശി എന്‍ ദേവദാസിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണയുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

സംഭവ സ്ഥലത്ത് വച്ച്‌ തന്നെ ജ്യോതിമണി കൊല്ലപ്പെട്ടു. നഗര മധ്യത്തില്‍ വച്ച്‌ നടന്ന കൊലപതകത്തിന് നിരവധി പേരാണ് സാക്ഷിയായത്. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ദേവദാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ജ്യോതിമണിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഊട്ടി മുനിസിപ്പാലിറ്റി ചന്തയിലെ ചുമട്ടുതൊഴിലാളിയാണ് ഇയാള്‍.

നിരവധി പേര്‍ കടയില്‍ നിന്ന് ചായകുടിക്കുന്നുണ്ടായിരുന്നു. ജ്യോതിമണി ചായകടയില്‍ എത്തി പെട്ടിയില്‍ നിന്നും പലഹാരം എടുക്കുന്നത് ദേവദാസ് ചോദ്യം ചെയ്തതോടെയാണ് സംഭവം ആരംഭിക്കുന്നത്. കൊറോണ പരക്കുന്നതിനാല്‍ തന്റെ അടുത്ത് നിന്ന് അകലം പാലിച്ച്‌ നില്‍ക്കണമെന്ന് ദേവദാസ് പറഞ്ഞു. എന്നാല്‍ ജ്യോതിമണി ഇതേ് കേള്‍ക്കാതെ ദേവദാസിനെ മര്‍ദ്ദിച്ചു. ഇതിനിടെ സമീപത്തെ പച്ചക്കറി കെട്ടിലുണ്ടായിരുന്ന കത്തി കൊണ്ട് ദേവദാസ് ജ്യോതിമണിയെ കുത്തിക്കൊല്ലുകയായിരുന്നു.

NO COMMENTS