കുഞ്ഞിളം കൈകളില്‍ ഒരായിരം കുഞ്ഞിളം തൈകള്‍ – ജില്ലയിലെ മൂന്ന് ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

69

കാസറകോട് : ഹരിതകേള മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കുഞ്ഞിളം കൈകളില്‍ ഒരായിരം കുഞ്ഞിളം തൈകള്‍ പദ്ധതിയൊരുക്കുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയുന്ന ജില്ലയിലെ രണ്ടു മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന മൂന്ന് ലക്ഷത്തില്‍ അധികം വിദ്യര്‍ത്ഥികള്‍ അവരുടെ വീടുകളില്‍ ലഭ്യമായ പഴങ്ങളുടേയും പച്ചക്കറികളുടേയും വിത്തുകള്‍ ശേഖരിച്ച് തൈകള്‍ തയ്യാറാക്കുന്നു. ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ അവ വിദ്യാലയങ്ങളില്‍ നിന്നും പരസ്പരം കൈമാറുകയും പൊതു ആവശ്യത്തിലേക്കായി വിതരണം ചെയ്യുകയും ചെയ്യും. കേരള സര്‍ക്കാറിന്റെ 12 ഇന പരിപാടികളില്‍ ഉള്‍പ്പെട്ട ഒരുകോടി വൃക്ഷതൈകളുടെ വ്യാപനത്തിന്റെ ഭാഗമായാണ് പദ്ധതി.

വിദ്യാര്‍ത്ഥികളില്‍ പാരിസ്ഥിതികാവബോധവും സാമൂഹ്യ കര്‍ത്തവ്യ ബോധവും വളര്‍ത്തിയെടുക്കല്‍, കേരള ഗവണ്‍മെന്റിന്റെ ഒരു കോടി വൃക്ഷതൈകള്‍ ക്യാമ്പയിനില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുക, പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിക്കുക, പൊതു സ്ഥലങ്ങളില്‍ പച്ചത്തുരുത്തുകള്‍ രൂപീകരിക്കുക, ആഗോള താപനത്തിനെതിരെ സുസ്ഥിര ഹരിതവല്‍ക്കരണം തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സംഘാടനം ഇങ്ങനെ

ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ഹരിതകേരളം ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ സംയുക്തമായി ആലോചിച്ച് ജില്ലാ അടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കുന്നു. ഉപജില്ലാതലത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഹെഡ്മാസ്റ്റര്‍, ഹെഡ്മാസ്റ്റേഴ്സ് ഫോറം കണ്‍വീണര്‍, ഹരിതകേരളം റിസോഴ്സ് പേഴ്സണ്‍ എന്നിവരും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നു. വിദ്യാലയങ്ങളില്‍ ഹെഡ്മാസ്റ്റര്‍, പി.ടി.എ, സ്‌കൂള്‍ വികസന സമിതി എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നു.

വിശദമായ നടത്തിപ്പ്

ടെലിഫോണ്‍ വഴി വിവിധ സമിതികള്‍ രൂപപ്പെടുത്തുന്നു. അക്കാദമിക മെറ്റീരിയലുകള്‍ ഹരിതകേരളം റിസോഴ്സ് പേഴ്സണ്‍മാര്‍ തയ്യാറാക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് എ.ഇ.ഒ, ഡി.ഇ.ഒമാര്‍ നേരിട്ടും ഹെഡ്മാസ്റ്റര്‍ ഫോറം വഴിയും ഉപജില്ലാതലത്തില്‍ വിവരങ്ങള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എത്തിക്കുന്നു. മെയ് 15 നകം വിദ്യാര്‍ത്ഥികള്‍ https://forms.gle/BmzZtmHSkpNZtusC6 എന്ന ലിങ്കിലോ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ രജിസ്റ്റര്‍ ചെയ്യണം.

വിദ്യാര്‍ത്ഥികള്‍ അവരുടെ വീടുകളിലും പരിസരത്തും ലഭ്യമായ ഫലവൃക്ഷതൈകളുടേയും ഔഷധ വൃക്ഷങ്ങളുടേയും വിത്തുകള്‍ ശേഖരിച്ച് പരിസ്ഥിതി സൗഹൃദ സമീപനം ഉള്‍ക്കൊണ്ട് തൈകള്‍ വളര്‍ത്തുന്നു. പരിസ്ഥിതി ദിനത്തില്‍ തൈകള്‍ വിദ്യാലയത്തിലേക്ക് കൊണ്ടുവന്ന് എല്ലാവരും അന്യോന്യം കൈമാറുന്നു. ഓരോ കുട്ടിയും കൊണ്ടുവന്ന തൈകളുടെ പേര്, എണ്ണം എന്നിവ വിദ്യാലയത്തില്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നു. നവംബര്‍ 14ന് ഞാന്‍ എന്റെ മരം മത്സരം സംഘടിപ്പിക്കും. വിദ്യാലയങ്ങളില്‍ മിച്ചം വരുന്ന തൈകള്‍ പൊതുസ്ഥലങ്ങളില്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വെച്ചു പിടിപ്പിക്കുന്നു.

സ്‌കൂള്‍ പറമ്പില്‍ അനുയോജ്യമായ സ്ഥലത്ത് പച്ചത്തുരുത്ത് രൂപീകരിക്കാന്‍ മിച്ചം വന്ന തൈകള്‍ ഉപയോഗിക്കുന്നു. ഇതിന്റെ ചുമതല സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബിനാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ നട്ടുവളര്‍ത്തിയ ചെടികളുടെ എണ്ണം, വൈവിധ്യം എന്നിവ പരിശോധിച്ച് സര്‍ട്ടിഫിക്കേറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും സ്‌കൂള്‍, ഉപജില്ലാ തലത്തിലും ഹരിതകേരള മിഷന്‍ നല്‍കും.ഈ പദ്ധതിയുടെ മോണിറ്ററിങ് ചുമതല അതാത് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ചുമതലയുള്ള ഹരിതകേരള മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുമാണ്.

NO COMMENTS