കൊച്ചി: ഇടപാടുകാരെ പരിഭ്രാന്തിയിലാക്കി കൊച്ചിയിലും ഓണ്‍ലൈന്‍ തട്ടിപ്പ്.കാക്കനാട് സ്വദേശിയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും നഷ്ടമായത് ഒരു ലക്ഷത്തി 66000 രൂപയാണ്. പണം തട്ടിയെടുത്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന്റെ എച്ച് ആര്‍ ഡയറക്‌ടറായ പാലക്കാട് സ്വദേശി അനില്‍ നായരുടെ പണമാണ് നഷ്ടമായത്. എച്ച് ഡി എഫ് സിയുടെ ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൊബൈലില്‍ പണം പിന്‍വലിച്ചതായി ഒരു മെസേജ് കിട്ടി. വസ്ത്രങ്ങള്‍ വിറ്റഴിക്കുന്ന വൈബ്‌സൈറ്റ് വഴി 1.66 ലക്ഷം രൂപയുടെ ഇടപാട് നടത്തിയെന്നായിരുന്നു മെസേജ്. കാക്കനാട്ടെ ഫ്‌ലാറ്റില്‍ ഉറക്കത്തിലായിരുന്ന അനില്‍ നായര്‍ മെസേജ് കണ്ട് ഞെട്ടി. അപ്പോള്‍ തന്നെ പണം നഷ്ടമായ കാര്യം എച്ച് ഡി എഫ് സി അധികൃതരെ അറിയിച്ചു. പിന്നെ പോലീസിലും പരാതി നല്‍കി. സംഭവത്തെക്കുറിച്ച് ബാങ്ക് അധികൃതര്‍ അഭ്യന്തര അന്വേഷണം തുടങ്ങിയതായി അറിയിച്ചുണ്ട്. തൃക്കാക്കര പോലീസും അന്വേഷണം തുടങ്ങി.