സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അതിഥിമന്ദിരങ്ങളിൽ മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള അപേക്ഷകൾ ഇനി മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പ് അറിയിച്ചു. സർക്കാർ സംവിധാനങ്ങൾ വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി എല്ലാ അതിഥിമന്ദിരങ്ങളിലും മുറികൾ ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.
stateprotocol.kerala.gov.in എന്ന വെബ്‌പോർട്ടലിലൂടെയും പൊതുഭരണവകുപ്പിന്റെ ഔദ്യോഗിക വെബ്‌പോർട്ടലായ gad.kerala.gov.in ലെ ഓൺലൈൻ സർവീസസ് വിൻഡോയിലൂടെയും അപേക്ഷ സമർപ്പിക്കാം.
താമസത്തിന് മുറി ആവശ്യമായ തിയതിക്ക് അഞ്ചുദിവസം മുമ്പ് മുതൽ ലഭ്യമായ അപേക്ഷകളിൽ മുറികൾ അനുവദിച്ചുതുടങ്ങും. ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പരിൽ എസ്.എം.എസ് ആയി സ്റ്റാറ്റസ് അപേക്ഷകനെ അറിയിക്കും. അതത് ദിവസത്തെ മുറികളുടെ അലോട്ട്‌മെന്റ് ഉത്തരവ് പോർട്ടൽ/വെബ്‌സെറ്റിൽ ലഭിക്കും. ഔദ്യോഗികാവശ്യങ്ങൾക്കുള്ള അപേക്ഷകൾക്ക് സ്വകാര്യ ആവശ്യങ്ങൾക്കുള്ള അപേക്ഷകളേക്കാൾ മുൻഗണന ഉണ്ടായിരിക്കും. സാങ്കേതികത്തകരാറ് മൂലം ഏതെങ്കിലും ദിവസം ഓൺലൈൻ റിസർവേഷൻ ലഭ്യമല്ലാതെ വന്നാൽ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോമിൽ പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പിൽ നേരിട്ടോ ഫാക്‌സ്, ഇ-മെയിൽ മുഖാന്തരമോ അപേക്ഷിക്കണം.
അടിയന്തരഘട്ടത്തിൽ ഒരു പ്രത്യേകദിവസത്തേക്ക് മുറികൾ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമർപ്പിക്കുന്നവർ അന്ന് ഉച്ചയ്ക്ക് ഒന്നിനു മുമ്പ് അപേക്ഷിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. ഔദ്യോഗികാവശ്യങ്ങൾക്കായി സർക്കാർ/ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്ക് അതിഥിമന്ദിരങ്ങളിൽ കോൺഫറൻസ് ഹാളുകൾ ബുക്ക് ചെയ്യുന്നതിനും ഓൺലൈൻ സേവനം ഉപയോഗിക്കാം.