ഒ.എൻ.വിയും ടി. പത്മനാഭനും സമൂഹത്തെക്കുറിച്ച് കരുതലും ഉത്കണ്ഠയും പങ്കിട്ട സാഹിത്യകാരൻമാർ -മുഖ്യമന്ത്രി പിണറായി വിജയൻ

124

തിരുവനന്തപുരം : സമൂഹത്തെക്കുറിച്ച് കരുതലും ഉത്കണ്ഠയും ഒരുപോലെ പങ്കിട്ട സാഹിത്യകാരൻമാരാണ് ഒ.എൻ.വി കുറുപ്പും ടി. പത്മനാഭനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സർവകലാശാലയുടെ 2019ലെ ഒ.എൻ.വി പുരസ്‌കാരം കഥാകൃത്ത് ടി. പത്മനാഭന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിനുമുന്നിൽ കണ്ണടച്ചിരുന്ന് സാഹിത്യരചന നടത്തിയവരല്ല ഒ.എൻ.വിയും ടി. പത്മനാഭനും. സമൂഹത്തിന്റെ ജ്വലിക്കുന്ന സത്യങ്ങളെ അവർ പ്രതിഫലിപ്പിച്ചു. കാലത്തിനുമുന്നിൽ പുറംതിരിഞ്ഞു നിൽക്കാൻ സാഹിത്യകാരന് അവകാശമില്ല. ഒ.എൻ.വി മറ്റുള്ളവരെക്കുറിച്ചുള്ള കരുതൽ മനസിൽ സൂക്ഷിച്ചു. സർഗാത്മകതയുടേയും നിർഭയത്വ ത്തിന്റേയും സംയുക്തരൂപമാണ് ടി. പത്മനാഭനെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലുഷിതമായ ഇക്കാലത്ത് ജാതിയും മതവും അടിസ്ഥാനമാക്കി വേർതിരിവ് പടരുകയാണ്. കെട്ടകാലമാണെങ്കിൽ കെട്ടകാലത്തെക്കുറിച്ചുള്ള കഥകളും കവിതകളും ഇന്ത്യയിൽ ഉയരേണ്ടതുണ്ട്. ഉത്കണ്ഠാകുലമായ കാലത്ത് സാഹിത്യകാരൻമാർക്ക് ഒഴിഞ്ഞുനിൽക്കാനാവില്ല. പണ്ട് വിഭജനകാലത്തെ തീജ്വാലകൾ ചരിത്രം മാത്രമല്ല, സാഹിത്യവും പറഞ്ഞുതന്നിട്ടുണ്ട്. ഭീഷ്മ സാഹ്നിയുടെ തമസ് പോലുള്ള കൃതികൾ അന്നത്തെ നീറുന്ന അനുഭവങ്ങൾ പറഞ്ഞു.

ഒരേ കാവ്യസങ്കൽപം പങ്കിടുന്നവരാണ് ഒ.എൻ.വിയും ടി. പത്മനാഭനും. കവിത പൂക്കുന്ന കഥകളാണ് ടി. പത്മനാഭന്റേതെന്നും മുത്തുപോലുള്ള ചെറുകഥകൾ കൊണ്ട് മനസും സാഹിത്യലോകവും അദ്ദേഹം കീഴടക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവകലാശാല ക്യാമ്പസിലെ ഒ.എൻ.വി സ്മൃതി മന്ദിരത്തിൽ ഒ.എൻ.വിയുടെ അർധകായ പ്രതിമയുടെ അനാച്ഛാദനവും മുഖ്യമന്ത്രി നിർവഹിച്ചു.

ഒ.എൻ.വിയോട് എന്നും കടപ്പാട് മനസിൽ സൂക്ഷിക്കുന്ന ആളാണ് താനെന്ന് പുരസ്‌കാരം സ്വീകരിച്ച ടി. പത്മനാഭൻ പറഞ്ഞു. പണ്ട് തലസ്ഥാനത്ത് ഒരുമാസം ആശുപത്രിയിലായിരുന്നപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ വന്നുകണ്ട് അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു. കണ്ണൂരിൽ രോഗബാധിതനായ കാലത്ത് മുഖ്യമന്ത്രിയും ഇത്തരത്തിൽ ആശ്വസിപ്പിച്ചി രുന്നു. തന്റെ കഥാസമാഹരമായ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ ആദ്യമായി പാഠ്യപദ്ധതിയിൽ ഉൾപ്പെടു ത്തിയ കേരള സർവകലാശാലയോടും എന്നും കടപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ: വി.പി മഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു.

ഒ.എൻ.വിയെക്കുറിച്ച് ഡോ. സിദ്ദീഖ് എം.എ എഡിറ്റുചെയ്ത് സർവകലാശാല മലയാള വിഭാഗം പ്രസിദ്ധീകരിച്ച ‘പക്ഷിയുടെ ആത്മാവുള്ള കവി’ എന്ന പുസ്തകം ഒ.എൻ.വിയുടെ സഹധർമ്മിണി സരോജിനി ടീച്ചർ പ്രകാശനം ചെയ്തു. പ്രോ-വൈസ് ചാൻസലർ പ്രൊഫ: പി.പി. അജയകുമാർ പുസ്തകം സ്വീകരിച്ചു. പ്രതിരോധത്തിന്റെ കാലം എന്ന വിഷയത്തിൽ ഒ.എൻ.വി സ്മാരക പ്രഭാഷണം ഡോ: രാജാ ഹരിപ്രസാദ് നിർവഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. എസ്. നസീബ് പ്രശസ്തിപത്ര അവതരണം നടത്തി.

സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ: കെ.എച്ച്. ബാബുജാൻ, ബി.പി. മുരളി, അഡ്വ. ബി. ബാലചന്ദ്രൻ, അഡ്വ. എ. അജികുമാർ, അഡ്വ. ജി. മുരളീധരൻ, പ്രൊഫ: കെ.ജി. ഗോപ് ചന്ദ്രൻ, ജി. ബിജുകുമാർ, രജിസ്ട്രാർ ഇൻ ചാർജ് ഡോ. സി.ആർ. പ്രസാദ്, ഡിപ്പാർട്ട്മെൻറ് യൂണിയൻ വൈസ് ചെയർപേഴ്സൺ പി.പി. ശ്രുതി, ഗവേഷക യൂണിയൻ ചെയർമാൻ കെ.സ്റ്റാലിൻ എന്നിവർ സംബന്ധിച്ചു.

NO COMMENTS