തിരുവനന്തപുരം: ഡിസിസി പ്രസിഡന്‍റ് നിയമനത്തിലെ അതൃപ്തി സൂചിപ്പിച്ച് ഉമ്മൻചാണ്ടി. അഭിപ്രായം ഹൈക്കമാന്‍റിനെ അറിയിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. അതിനിടെ സുധീരന് പിന്നാലെ രമേശ് ചെന്നിത്തലയും ഡിസിസി പ്രസിഡണ്ടുമാരുടെ നിയമനത്തെ സ്വാഗതം ചെയ്തു. വരാനിരിക്കുന്ന കെപിസിസി-ഡിസിസി അഴിച്ചുപണി ജില്ലാ അധ്യക്ഷന്മാരെ നിശ്ചയിച്ചത് പോലെയാകരുതെന്നാണ് എ ഗ്രൂപ്പ് നിലപാട്. ഭാരവാഹികളെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണമെന്ന ഉമ്മൻചാണ്ടി ആവശ്യപ്പെട്ടതും അത് കൊണ്ട് തന്നെ. സംഘടനാപരമായ കരുത്തുണ്ടെങ്കിലും ഗ്രൂപ്പിനതീതമായുള്ള മെറിറ്റ് തെരഞ്ഞെടുപ്പ് തുടർന്നാൽ ഗ്രൂപ്പിന്റെ ഭാവി അപകടത്തിലാകുമെന്നാണ് എ ക്യാമ്പ് വിലയിരുത്തൽ. പ്രസിഡന്‍റുമാരെ നിശ്ചയിച്ചതിൽ നേട്ടമുണ്ടായ ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു.