തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. സോളാര്‍ കമീഷനില്‍ സരിത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ എട്ട് പേര്‍ക്കതിരെ അന്വേഷണം വേണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.
സമാനമായ പരാതി നേരത്തെ തൃശ്ശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കുകയും പിന്നീട് ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് തള്ളുന്നതായി വിജിലന്‍സ് കോടതി അറിയിച്ചത്. സോളാര്‍ കമ്മീഷന്‍, ഹൈക്കോടതി എന്നിവിടങ്ങളില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും കോടതി നിലപാടെടുത്തു.
കേസില്‍ വിജിലന്‍സിന്റെ നിലപാട് ആരാഞ്ഞപ്പോള്‍, വിജിലന്‍സ് അഭിഭാഷകന്‍ തന്നെയാണ് സമാന സ്വഭാവമുള്ള ഹര്‍ജി തൃശ്ശൂര്‍ കോടതിയും, ഹൈക്കോടതിയും തള്ളിയ കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഫൈസല്‍ നവാസ് എന്നയാളാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.