തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന്റെ വിജയം എസ്.എഫ്.ഐയുടെ ധാര്‍ഷ്ട്യത്തിന് ഏറ്റ തിരിച്ചടിയായെന്ന് ഉമ്മന്‍ചാണ്ടി. അധികാരമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന ധാരണയായിരുന്നു എസ്.എഫ്.ഐയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍, ജനാധിപത്യ ശക്തികളുടെ സമരത്തിന് മുന്നില്‍ എസ്.എഫ്.ഐ അടിയറവ് പറഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സമരം അവസാനിച്ച ശേഷം സമരപ്പന്തലില്‍ എത്തി കെ.മുരളീധരനെ സന്ദര്‍ശിച്ച് സംസാരിച്ചപ്പോഴാണ് ഉമ്മന്‍ചാണ്ടി എസ്.എഫ്.ഐയ്ക്കെതിരെ ആഞ്ഞടിച്ചത്. സമരം പൊളിക്കാന്‍ നോക്കിയ എസ്.എഫ്.ഐക്കാര്‍ക്ക് കെ.എസ്.യു. ഒപ്പിട്ട മിനുട്ട്സിന് കീഴില്‍ ഒപ്പിടേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്ത് കാര്യത്തിനും ഒരു ന്യായമുണ്ട്. അത് വിട്ടുകളിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് എസ്.എഫ്.ഐക്കാര്‍ മനസിലാക്കണം. ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് എഐഎസ്‌എഫ്, സിപിഐ എന്നീ സംഘടനകള്‍ ചൂണ്ടിക്കാട്ടിയ നിലപാടിനെ അഭിനന്ദിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.