സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ബെംഗളൂരു കോടതി വിധി ഏകപക്ഷീയമാണെന്നു ഉമ്മന്‍ ചാണ്ടി

163

തിരുവനന്തപുരം • സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ബെംഗളൂരു കോടതി വിധി ഏകപക്ഷീയമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധി. എക്സ് പാര്‍ട്ടി വിധിയാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ തന്റെ ഭാഗം കേള്‍ക്കുകയോ തെളിവോ പത്രികയോ നല്‍കാന്‍ അവസരം നല്‍കുകയോ അതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേസ് നടത്താന്‍ വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, കോടതിയില്‍ നിന്നു സമന്‍സ് ലഭിച്ചിരുന്നില്ല. വിധിയുടെ വിശദാംശങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കോടതിയില്‍ നിന്നു വിധിപകര്‍പ്പും ഡിക്രിയും ലഭിച്ചാല്‍ വിധി അസ്ഥിരപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
സോളര്‍ പദ്ധതിക്ക് കേന്ദ്ര സബ്സിഡി നല്‍കാമെന്നു പറഞ്ഞ് വ്യവസായി എം.കെ. കുരുവിളയില്‍ നിന്നു പണം തട്ടിച്ചെന്നായിരുന്നു പരാതി. കേസില്‍ ഉമ്മന്‍ ചാണ്ടി അടക്കം ആറു പേര്‍ക്കെതിരെയാണ് ബെംഗളൂരു സെഷന്‍സ് കോടതി വിധി. പരാതിക്കാരനായ വ്യവസായി എം.കെ. കുരുവിളയ്ക്ക് ആറു മാസത്തിനകം 1.6 കോടി രൂപ നല്‍കണമെന്നാണ് കോടതി വിധി. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി.

NO COMMENTS

LEAVE A REPLY