തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകം താലിബാന്‍ മോഡല്‍ കൊലപാതകമാണെന്ന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഷുഹൈബ് വധത്തില്‍ പ്രതികളെ പിടികൂടാനാവാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം. മുഖ്യമന്ത്രിയുടെ നിശബ്ദത എല്ലാവരെയും ഭയപ്പെടുത്തുന്നു. സിനിമാ ഗാനത്തെക്കുറിച്ചുപോലും പ്രതികരിക്കുന്ന മുഖ്യമന്ത്രി സ്വന്തം നാട്ടില്‍ ഒരു പയ്യന്‍ മരിച്ചിട്ടും ഒരു വാക്ക് ഉരിയാടാന്‍ തയ്യാറായിട്ടില്ല. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിക്കൊടുത്തുവെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഷുഹൈബിന്റെ കൊലപാതകത്തിന് മുമ്പ് കൊലക്കേസ് പ്രതികളെ പരോളില്‍ വിട്ടുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇടതു മുന്നണി അധികാരത്തില്‍ വന്നിട്ട് 22 കൊലപാതകം നടന്നു കഴിഞ്ഞതായും ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.