കോട്ടയം : ഐഐസിസി ജനറല്‍ സെക്രട്ടറിയായുള്ള പുതിയ നിയമനത്തെ വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്ന്‍ ഉമ്മന്‍ ചാണ്ടി. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള അസംത്യപ്തിയുടെ ഫലമല്ല പുതിയ നിയമനം. പുതിയ സ്ഥാനം ഏറ്റെടുത്താലും സംസ്ഥാനത്തുനിന്നും പൂര്‍ണമായി മാറിനില്‍ക്കില്‍ക്കില്ല. ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 48 വര്‍ഷമായി എംഎല്‍എ പദവിയിലിരിക്കുന്ന താന്‍ രണ്ട് തവണ മാത്രമാണ് സംസ്ഥാനത്തിന് പുറത്ത് കോണ്‍ഗ്രസിനായി ദൗത്യമേറ്റെടുത്തത്. അത് രാജീവ് ഗാന്ധിയുടെ കാലത്ത് ആന്ധ്രയില്‍ തന്നെയായിരുന്നു. ആന്ധ്ര കടുത്ത വരള്‍ച്ചയില്‍പ്പെട്ടപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായിരുന്നു അത്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പും തന്റെ പുതിയ ചുമതലയുമായി യാതൊരു ബന്ധവുവമില്ല. അങ്ങിനെയൊരു മാനം നല്‍കേണ്ടെന്നും ആര്‍ക്കും ഒരു അസംത്യപ്തിയും ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാജ്യത്താകമാനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന്റെ ഭാഗമാണ് തന്നെ പുതിയ ദൗത്യമേല്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.