തിരുവനന്തപുരം : പ്രതിരോധത്തിന് വലിയൊരു മുന്നേറ്റം നടത്താൻ ഇത്തരത്തിലുള്ള സെമിനാറുകൾക്ക് കഴിയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന ശില്പശാല മാർ ഇവാനിയോസ് ക്യാമ്പസിലെ മാർ ഗ്രീഗോറിയോസ് റിന്യൂവൽ സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുസ്ഥാനിൽ ജീവിക്കുന്നവരെ ഹിന്ദുക്കളായി കരുതിയ സംസ്കാരം നമ്മുടെ രാജ്യത്ത് നിലനിന്നിരുന്നു. എന്നാൽ ഇത് നഷ്ടമാവുന്ന അവസ്ഥയിലേക്ക് നാം മാറുകയാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഹിന്ദുമതത്തെ രാഷ്ട്രീയവത്കരിക്കാനും അതിൽ അസമത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വലിയൊരു സമൂഹം ഇന്ന് പിടിമുറുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലാകാരൻറെയും എഴുത്തുകാരന്റെയും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾക്ക് അവസരം നൽകുന്നതാവണം ഒരു ജനാധിപത്യ ഭരണസംവിധാനം എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സംസ്കാര സാഹിതിയുടെ ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിനു വഴിയൊരുക്കിയ സാംസ്കാരിക മുന്നേറ്റതെ വീണ്ടെടുക്കുവാനും ജാതി-മത-രാഷ്ട്രീയ വേർതിരിവുകളില്ലാതെ ഫാസിസത്തിനെതിരെ സാംസ്കാരിക പ്രതിരോധം തീർക്കുന്നതിനുമുള്ള ഗൗരവകരമായ ആലോചനകൾക്ക് ഇത്തരം തുറന്ന വേദികൾക്ക് കഴിയട്ടെയെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ചലച്ചിത്രതാരം മധു, കെ.പി.സി.സി. ജനറൽ സെക്രട്ടറി പാലോട് രവി, സാഹിത്യകാരൻ ജോർജ് ഓണക്കൂർ, മുൻ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം.ആർ.തമ്പാൻ,കോൺഗ്രസ് നേതാവ് വി.ആർ. പ്രതാപൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
അഭിജിത് നെറ്റ് മലയാളം