ശ്രീനാരായണ ഗുരുവിനെ ഒരു ജാതിയിലും തളച്ചിടാനാകില്ലെന്നും ഗുരുദര്‍ശനം ജാതിമതങ്ങള്‍ക്ക് അതീതമാണ് : ഉമ്മന്‍ ചാണ്ടി

215

വര്‍ക്കല: ശ്രീനാരായണ ഗുരുവിനെ ഒരു ജാതിയിലും തളച്ചിടാനാകില്ലെന്നും ഗുരുദര്‍ശനം ജാതിമതങ്ങള്‍ക്ക് അതീതമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ശിവഗിരിയില്‍ മഹാസമാധി സമ്മേളനവും ഉപവാസ യജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ മനുഷ്യനാകണമെന്ന ഗുരുസന്ദേശം വര്‍ത്തമാനകാലത്തില്‍ ഏറെ പ്രസക്തമാണ്. ഗുരു സമൂഹത്തില്‍ ചെലുത്തിയ പ്രചോദനം ഇന്നും നിലനില്‍ക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ജാതി-മത സ്വരങ്ങള്‍ ഉയരുന്പോള്‍ കേരളത്തില്‍ അതില്ലാതാകുന്നത് ഗുരുദേവ ദര്‍ശനം സമൂഹം സ്വീകരിക്കുന്നതുകൊണ്ടാണ്. ഹൈസ്കൂള്‍, പ്ലസ് ടു തലംവരെ പാഠ്യപദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ ഗുരു ദര്‍ശനങ്ങളെ വിദ്യാഭ്യാസത്തിന്‍റെ സമസ്തമേഖലകളിലും വ്യാപിപ്പിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷനായി. മഹാത്മാഗാന്ധിയും ഗുരുദേവനും സന്ധിച്ച ശിവഗിരിയിലെ വനജാക്ഷി മന്ദിരം ഭാരത ദര്‍ശനത്തിന്‍റെ സാംസ്കാരിക കേന്ദ്രമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യാതിഥിയായെത്തിയ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഗുരു ദൈവമല്ലെന്ന ഹൈക്കോടതിവിധി ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിക്കുന്ന നടപടിയായതായി ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ അഭിപ്രായപ്പെട്ടു. ന്യായാധിപന്‍മാര്‍ ഗുരുവിന്‍റെ ജീവിതവും കൃതികളും സന്ദേശങ്ങളും പഠിച്ചിട്ടാകണം വിധി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഡോ.എ. സന്പത്ത് എം.പി, അഡ്വ.വി. ജോയി എം.എല്‍.എ, വര്‍ക്കല കഹാര്‍, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, കെ.കെ. കൃഷ്ണാനന്ദ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാമി ബോധാനന്ദയുടെ സമാധിദിനമായ കന്നി എട്ടു വരെ തുടര്‍ച്ചയായി നടക്കുന്ന ഗുരുധര്‍മ്മ പ്രബോധന പ്രഭാഷണ പരന്പര സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു.

NO COMMENTS

LEAVE A REPLY