തിരുവനന്തപുരം• കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ ഒറ്റയടിക്കു സ്വാശ്രയ കോളജുകളിലെ ഫീസ് എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് കൊല്ലം കൊണ്ട് 47,000 രൂപ കൂട്ടിയപ്പോള്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ എംബിബിഎസ് മെറിറ്റ് സീറ്റില്‍ 65,000 രൂപയും മാനേജ്‍മെന്റ്, എന്‍ആര്‍ഐ സീറ്റില്‍ 2,50,000 രൂപ വീതവും വര്‍ധിപ്പിച്ചിരിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാരിന്റെ കൂറ്, വിദ്യാര്‍ഥികളോടും രക്ഷാകര്‍ത്താക്കളോടുമല്ല, സ്വാശ്രയ സ്വകാര്യ മാനേജ്മന്റ്കളോടാണെന്നു വ്യക്തമാണെന്നും സമൂഹമാധ്യമമായ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ഫെയ്സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
സ്വാശ്രയ കോളേജ് ഫീസ്, കഴിഞ്ഞ വര്‍ഷങ്ങളെക്കാളും വളരെയധികം ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. യു ഡി എഫ് സര്‍ക്കാര്‍ അഞ്ച് കൊല്ലം കൊണ്ട് 47,000 രൂപ കൂട്ടിയപ്പോള്‍, എല്‍ ഡി എഫ് സര്‍ക്കാര്‍ MBBS മെറിറ്റ് സീറ്റില്‍ 65000 രൂപയും മാനേജ്‍മെന്റ് & NRI സീറ്റില്‍ 2,50,000 രൂപ വീതം വര്‍ധിപ്പിച്ചിരിക്കുന്നു.
സര്‍ക്കാരിന് വ്യക്തമായ നിയന്ത്രണമുള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ മെറിറ്റ് സീറ്റില്‍ 1,00,000 രൂപയും, മാനേജ്മന്റ് സീറ്റില്‍ 3,50,000 രൂപയും, NRI സീറ്റില്‍ 2,00,000 രൂപയും ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാരിന്റെ കൂറ് വിദ്യാര്‍ത്ഥികളോടും രക്ഷാകര്‍ത്താക്കളോടുമല്ല, സ്വാശ്രയ സ്വകാര്യ മാനേജ്മന്റ്കളോടാണ് എന്ന് വ്യക്തം.പരിയാരം മെഡിക്കല്‍ കോളേജില്‍ ഫീസ് കുറച്ചാല്‍ സ്വകാര്യ സ്വാശ്രയ കോളേജുകളിലും ഫീസ് കുറയ്ക്കാന്‍ സമ്മര്‍ദ്ദമേറും എന്നത് കൊണ്ടാണ് സര്‍ക്കാരിന്റെ ഈ പിടിവാശി.
സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ സിപിഎം എടുത്ത നിലപാടുകളും എസ് എഫ് ഐയുടെ അക്രമ സമരങ്ങളും തികഞ്ഞ കാപട്യമാണെന്ന് കേരളീയ സമൂഹം തിരിച്ചറിയും. ഫീസ് കുറയ്ക്കുവാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം സമരം ചെയ്തവര്‍ അധികാരത്തില്‍ വന്നപ്പോള്‍ വന്‍ ഫീസ് വര്‍ദ്ധനവ് അടിച്ചേല്‍പ്പിക്കുകയും, സര്‍ക്കാരിന് സ്വന്തമായി തീരുമാനം എടുക്കുവാന്‍ അധികാരമുള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ പോലും ഒരു വിചാരവുമില്ലാതെ വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളേയും കബിളിപ്പിക്കുകയുമാണ്.
ഒരുവശത്ത് തത്വദീക്ഷയില്ലാതെ ഫീസ് വര്‍ധിപ്പിച്ച എല്‍ ഡി എഫ് സര്‍ക്കാര്‍ 25,000 രൂപ വാര്‍ഷിക ഫീസില്‍ പഠിക്കുവാന്‍ സമര്‍ഥരായ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 250 സീറ്റ് വേണ്ടന്ന് വയ്ക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം വ്യവസ്ഥകള്‍ക്ക് വിധേയമായി ലഭിക്കുമെന്ന് ഉറപ്പായിട്ടും തിരുവനന്തപുരം 100, ഇടുക്കി 50, പാരിപ്പള്ളി ഇ എസ് ഐ മെഡിക്കല്‍ കോളേജില്‍ 100 സീറ്റ് വീതം നഷ്ട്ടപെടുത്തിയിരിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.
മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ശ്രീ ഡീന്‍ കുര്യാക്കോസിന്റെയും, വൈസ് പ്രസിഡണ്ട് ശ്രീ C.R മഹേഷിന്റേയും എട്ട് ദിവസ്സം പിന്നിട്ട നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.