മുൻമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
2004-06, 2011-16 കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവര്‍ മക്കളാണ്.
രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകുയായിരുന്നു. സംസ്ക്കാരം പുതുപ്പള്ളിയില്‍. പൊതു ദര്‍ശനമടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പുലര്‍ച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു ചികിത്സ. തൊണ്ടയിലാണ് ക്യാൻസര്‍ ബാധിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം വിദഗ്ധ ഡോക്ടര്‍ സംഘമായിരുന്നു ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎല്‍എയായിരുന്നു. രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി തുടങ്ങിയ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഉടൻ എത്തും. പ്രതിപക്ഷ യോഗം നടക്കുന്നതിനാല്‍ രാജ്യത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ ബെംഗളൂരുവിലുണ്ട്. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടര്‍ന്നാണ് ഉമ്മൻചാണ്ടി 2004-ല്‍ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടര്‍ന്ന് അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. പിന്നീട് 2011ല്‍ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ സര്‍ക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദഗ്ധ്യമായിരുന്നു അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാൻ സഹായിച്ചത്. ഭരണത്തിന്റെ അവസാന നാളുകളില്‍ സോളാര്‍, ബാര്‍ വിവാദം സംസ്ഥാനത്തെ പിടിച്ചുലച്ചു.
1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായും 1991-ല്‍ കെ കരുണാകരൻ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ക്യാൻസര്‍ ബാധിതനായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 20