മുംബൈ : കള്ളപ്പണക്കാരെയും നികുതി വെട്ടിപ്പുകാരെയും തുറന്നുകാട്ടാൻ വെബ്സൈറ്റുമായി കേന്ദ്രസർക്കാർ. വെട്ടിപ്പുകാരുടെ പേരും വിവരങ്ങളും പ്രസിദ്ധീകരിക്കുന്നതിനും റെയ്ഡുകളെ സംബന്ധിച്ച് വിവരം നൽകുന്നതിനുമായാണ് ഓപ്പറേഷൻ ക്ലീൻ മണി എന്ന വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സാണ് വെബ്സൈറ്റിനു പിന്നിൽ. ചെറിയ വെട്ടിപ്പുകാരെ മുതൽ വന്പൻമാർ വരെ വെബ്സൈറ്റിൽ ഇടംപിടിക്കുമെന്നാണ് ആദായനികുതി വകുപ്പിന്റെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെയും അവകാശവാദം. നവംബർ എട്ടിന്റെ നോട്ട് അസാധുവാക്കൽ തീരുമാനത്തിന്റെ തുടർച്ചയായാണ് കേന്ദ്രസർക്കാരിന്റെ പുതിയ നടപടി. നോട്ട് നിരോധനത്തിന് ശേഷം ആദായനികുതി റിട്ടേണ്‍ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. എന്നാൽ ഇതിനുശേഷം നികുതി ഒടുക്കലിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും ഈ ആശയക്കുഴപ്പം അകറ്റാനും കൃത്യമായി നികുതി ഇടപാടുകൾക്ക് സഹായിക്കാനുമാണ് പുതിയ വെബ്സൈറ്റ് സേവനം ആരംഭിച്ചിരിക്കുന്നതെന്ന് അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ബാങ്കുകളിൽ അനധികൃത നിക്ഷേപം നടത്തുന്നവരുടെ പേരുവിവരങ്ങളും വെബ്സൈറ്റിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്നാണു സൂചന.