കേരളത്തിലെ പി.ജി വിദ്യാർത്ഥികൾക്ക് ജപ്പാൻ സർവകലാശാലയുടെ ക്രെഡിറ്റ് നേടാൻ അവസരം.

123

തിരുവനന്തപുരം : കേരളത്തിലെ സർവകലാശാലകളിലെ ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് ജപ്പാനിലെ ഒസാക്ക സർവകലാശാലയിൽ നിന്ന് വിവിധ വിഷയങ്ങളിൽ ക്രെഡിറ്റ് നേടാൻ കഴിയുന്ന സാൻഡ്‌വിച്ച് കോഴ്‌സു കൾ ഉടൻ യാഥാർത്ഥ്യമാകും. മുഖ്യമന്ത്രി പിണറായി വിജയനും ഒസാക്ക സർവകലാശാലയിലെ ഗ്ലോബൽ എൻഗേ ജ്‌മെൻറ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഡോ. ജെൻറ കവഹാരയുമായുള്ള ചർച്ചയിലാണ് ധാരണയായത്.

സർവകലാശാലയുടെ സ്യൂട്ട കാമ്പസിലെ കോ-ക്രിയേറ്റീവ് ഇന്നൊവേഷൻ കെട്ടിടത്തിന്റെ കോൺഫറൻസ് ഹാളിലായിരുന്നു കൂടിക്കാഴ്ച.കേരളത്തിലെ സർവകലാശാലകളുമായി വിവിധ മേഖലകളിൽ സഹകരിക്കുന്നത് ഒസാക്ക സർവകലാശാല ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ഡോ. കവഹാര പറഞ്ഞു. ക്രെഡിറ്റ് കൈമാറ്റത്തിന് സൗകര്യങ്ങളുള്ള സാൻഡ്‌വിച്ച് കോഴ്‌സുകൾ ആ ദിശയിലേക്കുള്ള ആദ്യപടിയാകും.

നാച്ച്വറൽ പോളിമറുകൾ, ബയോ പ്ലാസ്റ്റിക്, ബയോ കമ്പോസിറ്റുകൾ, നാനോ ഘടനാപരമായ വസ്തുക്കൾ, പോളിമർ നാനോകമ്പോസിറ്റുകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഗവേഷണ സഹകരണം ആകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കപ്പൽ സാങ്കേതികവിദ്യ, സമുദ്രവിജ്ഞാനം, മറൈൻ സയൻസസ് എന്നിവയിൽ സംയുക്ത പദ്ധതികൾ ആലോചിക്കാം.

മഹാത്മാഗാന്ധി സർവകലാശാലയിൽ പരസ്പര താല്പര്യമുള്ള ഒരു മേഖലയിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിൽ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യശാസ്ത്രത്തിലും വികസന സാമ്പത്തിക ശാസ്ത്ര പഠനത്തിലും കുടിയേറ്റ പഠനത്തിലും സഹകരണം അഭ്യർത്ഥിച്ചു.

ഒസാക്ക സർവകലാശാലയിൽ 144,000 വിദ്യാർത്ഥികൾക്ക് 11 ബിരുദ പ്രോഗ്രാമുകൾക്കും 16 ഗ്രാജുവേറ്റ് സ്‌കൂളു കൾക്കുമായുള്ള സൗകര്യങ്ങളുണ്ട്.മുഖ്യമന്ത്രിയുമായുള്ള ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് ഡോ. കവഹാര പറഞ്ഞു. സർവകലാശാലയുടെ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് രാജ്യത്തിന്റെ പുറത്തുനിന്നുള്ള വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തിൽ നിന്ന് കൂടുതൽ അപേക്ഷകരെ പ്രതീക്ഷിക്കുന്നുണ്ടെന്നും യൂണിവേഴ്‌സിറ്റി അപ്ലൈഡ് ഫിസിക്‌സ് വിഭാഗം പ്രൊഫസർ പ്രഭാത് വർമ്മ പറഞ്ഞു.

ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ലാംഗ്വേജ് ആൻറ് കൾച്ചറിലെ പ്രൊഫസർമാരായ മിക്കി നിഷിയോക, ടോറു ടാകു എന്നിവർ മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത സമ്മർ സ്‌കൂളുകളിലും ഹ്രസ്വകാല കോഴ്‌സുകളിലും താത്പര്യം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ വാഗ്ദാനത്തെ അഭിനന്ദിക്കുകയും ചെയ്തു.

സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ പ്രൊഫ. വി.കെ. രാമചന്ദ്രൻ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സർവകലാശാലയുമായി പ്രാഥമിക ചർച്ചകൾ നടത്തിയ ഒസാക്ക-കോബിയുടെ ഇന്ത്യയിലെ കോൺസൽ ജനറലായ ബി. ശ്യാമും യോഗത്തിൽ പങ്കെടുത്തു.

NO COMMENTS