അബുദാബി: യുഎഇയില്‍ അവയവ വില്‍പനക്ക് നിരോധനം. മനുഷ്യാവയവ മാറ്റം സംബന്ധിച്ച സുപ്രധാന നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫെഡറല്‍ ഉത്തരവ് യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. അവയവമാറ്റവും അവയോടനുബന്ധിച്ചുള്ള ശസ്ത്രക്രിയകളും നിയന്ത്രിക്കുകയാണ് നിയമത്തിന്‍റെ ലക്ഷ്യം. നിയമലംഘകര്‍ക്ക് കഠിന ശിക്ഷ ഉത്തരവില്‍ വ്യവസ്ഥ ചെയ്യുന്നു.മനുഷ്യാവയവങ്ങള്‍, അവയുടെ ഭാഗങ്ങള്‍ കോശങ്ങള്‍ എന്നിവ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്നു ഫെഡറല്‍ ഉത്തരവില്‍ പറയുന്നു. ഫ്രീസോണുകള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ അവയവ കോശമാറ്റ ശസ്ത്രക്രിയകള്‍ക്കും ഉത്തരവ് ബാധകമാണ്. ഉത്തരവ് പ്രകാരമുള്ള നിയമങ്ങള്‍ അനുസരിക്കാത്ത അവയവ കോശമാറ്റ ശസ്ത്രക്രിയകളും നിരോധിച്ചു. അനുവദനീയമല്ലാത്ത അവയവ കോശമാറ്റം സംബന്ധിച്ച പ്രചാരണങ്ങള്‍ പരസ്യങ്ങള്‍, ഇടനില പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും നിരോധനമേര്‍പ്പെടുത്തി.
അവയവങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ കച്ചവടത്തിന് ഇടനിലക്കാരനാവുകയോ ചെയ്താല്‍ 30,000 മുതല്‍ ലക്ഷം ദിര്‍ഹംവരെ പിഴയടക്കേണ്ടിവരും. അവയവങ്ങളും കോശഭാഗങ്ങളും മാറ്റിവെക്കാനുള്ള ശസ്ത്രക്രിയ ലൈസന്‍സുള്ള ആശുപത്രിയില്‍ വച്ച് മാത്രമേ നടത്താന്‍ പാടുള്ളൂ. അംഗീകൃത ഡോക്ടര്‍മാത്രമേ ശസ്ത്രക്രിയചെയ്യാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു. ലൈസന്‍സില്ലാത്ത ആരോഗ്യകേന്ദ്രത്തില്‍ ഇത്തരം ശസ്ത്രക്രിയ നടത്തിയാല്‍ കുറഞ്ഞത് ഒരുവര്‍ഷം തടവ്, 500 ദിര്‍ഹം പിഴ എന്നിവയോ പത്തുലക്ഷം വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കും.
അതേസമയം മൂലകോശങ്ങള്‍, രക്തകോശങ്ങള്‍, മജ്ജ എന്നിവയുടെ മാറ്റങ്ങളെ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മനുഷ്യാവയവങ്ങള്‍, അവയവ ഭാഗങ്ങള്‍ കോശങ്ങള്‍ എന്നിവയുടെ കടത്ത് തടയുക, അവ സ്വീകരിക്കുന്നവരുടെയും നല്‍കുന്നവരുടെയും അവകാശ്ങ്ങള്‍ സംരക്ഷിക്കുകയുമാണ് നിയമത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍.