തിരുവനന്തപുരം: കോര്‍പറേഷനിലെ നികുതിവെട്ടിപ്പിനെതിരെ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.
യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുധീര്‍ ഷാ പാലോടിെന്റ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കോര്പറേഷന് കവാടത്തിന് മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് പൊലീസ് തടഞ്ഞു. പ്രകടനമായി എത്തിയവര്‍ ഒരു മണിക്കൂറിലധികം അവിടെ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. പൊലീസും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. പിന്നീട് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിച്ചു. മാര്‍ച്ചില്‍ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. ഭരണത്തിലിരുന്ന് കോര്പറേഷന് ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ ഭരണനേതൃത്വം സംരക്ഷിക്കുകയാണ്. കാട്ടുകള്ളന്മാരെ അറസ്റ്റുചെയ്യുംവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് സുധീര്‍ഷാ പാലോട് അധ്യക്ഷത വഹിച്ചു. എം. വിന്‍സെന്റ് എം.എല്‍.എ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ്. ശബരീനാഥന്, എന്‍.എസ്. നുസൂര്‍, എസ്.എം ബാലു, സെക്രട്ടറിമാരായ ഷജീര്‍ നേമം, വിനോദ് കോട്ടുകാല്‍, അഖില്‍ ജെ.എസ്, മഹേഷ് ചന്ദ്രന്, അനൂപ് ബി.എസ്, അരുണ്‍ എസ്.പി, ചിത്രദാസ്, വീണ എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു.
കോര്‍പറേഷനിലെ കെട്ടിടനികുതി പണംതട്ടിച്ച ഉദ്യോഗസ്ഥരെ അറസ്റ്റ്ചെയ്യുക, പട്ടികജാതി ക്ഷേമഫണ്ട് അഴിമതി നടത്തിയ ഉദ്യോഗസ്ഥയെയും ഡി.വൈ.എഫ്.ഐ നേതാക്കളെയും അറസ്റ്റുചെയ്യുക, കോര്‍പറേഷനിലെ അനധികൃത നിയമനങ്ങള്‍ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കോര്പറേഷന് ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിച്ചത്.