കശുവണ്ടി വ്യവസായ മേഖലയില്‍ 200 ന് മുകളില്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും – മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

59

കൊല്ലം : കോവിഡ് പ്രതിസന്ധി ഘട്ടത്തിലും കശുവണ്ടി വ്യവസായ മേഖലയില്‍ ഈ വര്‍ഷം 200ന് മുകളില്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി സ്മാരക മന്ദിരമായി നവീകരിച്ച പുത്തൂര്‍ പാങ്ങോട് ഫാക്ടറി സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കശുവണ്ടി വ്യവസായ ത്തില്‍ സ്ഥിരമായി തൊഴില്‍ നല്‍കിയാണ് തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.

ഇ എസ് ഐ ആനുകൂല്യം പോലും കിട്ടാതിരുന്ന ഒരു സാഹചര്യത്തില്‍ സ്റ്റാര്‍ പ്ലസ് ഇന്‍ഷ്വറന്‍സുമായി ചേര്‍ന്ന് തൊഴിലാളികള്‍ക്ക് ആനുകൂല്യം കിട്ടുന്ന വിധത്തില്‍ ബദല്‍ മാര്‍ഗം സ്വീകരിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശിക കൊടുത്തു തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

കൂടുതല്‍ തൊഴില്‍ദിനം നല്‍കുന്നതിനൊപ്പം ഫാക്ടറികളില്‍ മികച്ച പശ്ചാത്തല സൗകര്യമൊരുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത്യാധുനിക രീതിയില്‍ കശുവണ്ടി ഫാക്ടറികള്‍ നവീകരിക്കുന്ന തിനായി 40 കോടി രൂപയാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത തൊഴിലാളികളുടെ മക്കള്‍ക്ക് റോട്ടറി ക്ലബ് സൗജന്യമായി നല്‍കിയ ടി വി മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു.കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനായി. തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡിന്റെ വിതരണം കൊടിക്കുന്നില്‍ സുരേഷ് എം പി നിര്‍വഹിച്ചു. ഫാക്ടറിയിലെ ആദ്യകാല തൊഴിലാളികളെ കെ സോമപ്രസാദ് എം പി ആദരിച്ചു.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കരിങ്ങന്നൂര്‍ മുരളി, കെ എസ് സി ഡി സി മാനേജിംഗ് ഡയറക്ടര്‍ രാജേഷ് രാമകൃഷ്ണന്‍, ഫാക്ടറി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS