കാസര്‍കോട് :പൊന്നാനിയില്‍ നിന്നും ഹോട്ടല്‍ ജീവനക്കാരനായി കാസര്‍കോടെത്തിയ ഇബ്രാഹീ മിനും കുടുംബത്തിനും ഇനി ആശ്വസിക്കാം. 14 വര്‍ഷത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനു മൊടുവില്‍ ഈ സര്‍ക്കാരിന്റെ കനിവില്‍ വൃദ്ധ ദമ്പതികള്‍ക്ക് സ്വന്തം പേരില്‍ ഭൂമി ലഭിച്ചു. പള്ളിക്കര പഞ്ചായത്തിലെ പള്ളാരത്തെ സര്‍ക്കാര്‍ ഭൂമിയില്‍ താമസിച്ചു വരുന്ന ഭൂമിയാണ് റവന്യൂ വകുപ്പ് ഇബ്രാഹീമിനും ഭാര്യ ഫാത്തിമയ്ക്കും പതിച്ചു നല്‍കിയത്.
24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി തേടി കാസര്‍കോടെത്തിയതായിരുന്നു ഇബ്രാഹീമും കുടുംബവും. പത്ത് വര്‍ഷത്തോളം ഇവര്‍ കുടകില്‍ വാടകയ്ക്ക് താമസിച്ചു. മൂന്ന് പെണ്‍ കുട്ടികളും ഒരു മകനും അടങ്ങിയ കുടുംബത്തിന്റെ നട്ടെല്ലായ ഇബ്രാഹീം (73) പ്രായാധിക്യവും ഹൃദയ സംബന്ധമായ അസുഖവും ബാധിച്ച് വിശ്രമത്തിലാണ്. ഭാര്യ ഫാത്തിമ (59) യും ഹൃദ്രോഗിയാണ്. ഒരു മകള്‍ മരണപ്പെട്ടു.
അവിവാഹിതയായ ഇളയ മകളും വൃദ്ധ ദമ്പതികളുമാണ് പള്ളാരത്തെ ഓടിട്ട കൂരയില്‍ താമസിച്ചു വരുന്നത്. മരുമകന്‍ ചിലവിനായി നല്‍കുന്ന ചെറിയ തുകയും ഇബ്രാഹീമിന്റെ വാര്‍ധക്യ പെന്‍ഷനും മാത്രമാണ് നിലവില്‍ ഈ കുടുംബത്തിന്റെ വരുമാനം. ശസ്ത്രക്രീയക്കുള്ള തുക കൈവശമില്ലാത്തതിനാല്‍ ഓപ്പറേഷന്‍ നടത്താതെ പരിയാരം മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലമായി ചികിത്സ തേടി വരികയാണ്.
കഷ്ടതകള്‍ക്കിടയിലും ഒരിക്കലും കിട്ടില്ലെന്ന് നിനച്ചിരുന്ന പത്തര സെന്റ് സ്ഥലമാണ് സ്വന്തം പേരില്‍ പതിച്ചു കിട്ടിയത്. ജീവിത സ്വപ്‌നം യാഥാര്‍ഥ്യമായതിന്റെ സന്തേഷത്തിലാണ് ഇബ്രാഹീമും കുടുംബവും.